Categories: LOCALNews

വീണ്ടും വേദനിപ്പിച്ച് വിധിയുടെ ക്രൂരത; ജെൻസനും ഓർമയായി, കൈപിടിക്കാൻ ആരുമില്ലാതെ ശ്രുതി


കൽപറ്റ∙ ഉരുൾപൊട്ടല്‍ നൽകിയ കഠിനവേദനയിൽ ഒരു കണ്ണികൂടി ചേർത്ത് ജെൻസനും യാത്രയായി; ശ്രുതി വീണ്ടും ഒറ്റയ്ക്ക്. ഉറ്റവരെയും വീടിനെയും ഉരുൾ തൂത്തെറിഞ്ഞപ്പോൾ ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു നടന്നത് പ്രതിശ്രുത വരനും സുഹൃത്തുമായ ജെൻസന്റെ കൈ പിടിച്ചാണ്. ആ കൈകൾ ബുധനാഴ്ച രാത്രിയോടെ മരവിച്ചു. ചൊവ്വാഴ്ച വൈകിട്ട് വെള്ളാരംകുന്നിലുണ്ടായ ബസ് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്പലവയൽ ആണ്ടൂർ പരിമളം വീട്ടിൽ ജയൻ-മേരി ദമ്പതികളുടെ മകൻ ജെൻസൻ (28) മരണത്തിന് കീഴടങ്ങി.

ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെയുൾപ്പെടെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാലാണ് ശ്രുതി മരണത്തിൽനിന്നു രക്ഷപ്പെട്ടത്. സഹോദരി ശ്രേയയുടെ മൃതദേഹം മാത്രമാണ് ശ്രുതിക്ക് കാണാനായത്. രണ്ട് മാസം മുൻപ് പുതിയ വീടിന്റെ പാലു കാച്ചലും ശ്രുതിയുടെ വിവാഹ നിശ്ചയവും ഒരുമിച്ചാണ് നടത്തിയത്.

ഉരുളിനുശേഷം ആ വീടിരുന്നിടത്ത് കല്ലും ചെളിയും മാത്രം ശേഷിച്ചു. ശ്രുതിയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവൻ സ്വർണവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിയ ശ്രുതിയുടെ ഒപ്പം രാവിലെ മുതൽ വൈകിട്ട് വരെ ജെൻസൻ ഉണ്ടായിരുന്നു. ഉടുതുണി മാത്രം ബാക്കിയുണ്ടായിരുന്ന ശ്രുതിക്ക് ജെൻസനായിരുന്നു ഏക ബലം. ഉയിരായി കൂടെയുണ്ടായിരുന്ന ജെൻസനും ഒടുവിൽ അപകടത്തിൽ യാത്രയായി.

ഉരുൾപൊട്ടലിൽ മരിച്ച കുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയശേഷം ഈ മാസം വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ മാതാപിതാക്കൾക്കൊപ്പം ജെൻസന്റെ കർമങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ട അവസ്ഥയിലായി ശ്രുതി. കൽപറ്റയിലെ വീട്ടിൽനിന്നും ലക്കിടിയിലേക്ക് പോകവെയാണ് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസിൽ ഇടിച്ചത്. ജെൻസനാണ് വാൻ ഓടിച്ചതെന്നാണ് വിവരം.

തലയിൽ രക്തസ്രാവമുണ്ടായതിനാൽ രക്ഷപ്പെടാൻ സാധ്യത കുറവാണെന്ന്  ഡോക്ടർമാർ സൂചിപ്പിച്ചിരുന്നു. അപകടത്തിൽ കാലിനു പരുക്കേറ്റ ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യംപിൽ ശ്രുതിയുടെ കൈപിടിച്ചു നടന്ന ജെൻസൻ ക്യാംപിലുണ്ടായിരുന്നവരുടെയെല്ലാം ഹൃദയം കവർന്നിരുന്നു. ഒരിക്കലും ശ്രുതിയെ ഒറ്റയ്ക്കാക്കി പോകില്ലെന്ന് ജെൻസൻ ഇടയ്ക്കിടെ പറയുമായിരുന്നു. ക്യാംപിൽ നിന്നും ശ്രുതി ബന്ധുക്കളുടെ ഒപ്പം കൽപറ്റയിലെ വാടക വീട്ടിലേക്കാണ് താമസം മാറിയത്. വീട്ടിൽ ഇരുന്നു മടുത്ത ശ്രുതിക്ക് ആശ്വാസം നൽകാനാണ് ജെൻസൻ ലക്കിടിയിലേക്ക് യാത്ര പുറപ്പെട്ടത്. ആ യാത്ര, അവസാന യാത്രയായി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടിട നിർമാണ ജോലിക്കാരനും അമ്മ കടയിലെ ജീവനക്കാരിയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെംബർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനുജത്തിയ‌െയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. ഡിഎൻഎ പരിശോധനയിലൂടെയാണ് അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

അതിനു ശേഷം ഓഗസ്റ്റ് 30ന് ജെൻസനും ശ്രുതിയും ഒരുമിച്ചാണ് അമ്മയെ സംസ്കരിച്ച പൊതുശ്മശാനത്തിൽ എത്തിയത്. രണ്ടു മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസനും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും മരിച്ചതിനാൽ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹം റജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.

admin

Share
Published by
admin
Tags: #wayanad

Recent Posts

ക്ലബ് ലോകകപ്പ്; മെസ്സിപ്പടയെ തകർത്ത് പിഎസ്ജി ക്വാർട്ടറിൽ, മയാമി പുറത്ത്

ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ…

5 days ago

കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? വിവരങ്ങളറിയാം, മൊബൈലിലെ ഈ ആപ്പ് മതി

നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു…

5 days ago

ശ്രദ്ധിച്ചില്ലെങ്കിൽ ഫോണിലെ ഫെയ്സ്ബുക്ക് ചിത്രങ്ങളെല്ലാം മെറ്റ എഐ കൊണ്ടുപോവും

പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍…

5 days ago

എതിരാളിയെക്കാള്‍ കുറഞ്ഞ വില; അങ്കത്തിനുറച്ച് ടാറ്റ ഹാരിയര്‍ ഇവി

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന…

6 days ago

മദ്യനയത്തിൽ വമ്പൻ ഇളവ്, ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം

തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര…

3 months ago

പൂഴിത്തോട്ടിൽ വീണ്ടും പുലിയിറങ്ങി, ആടിനെ കൊന്നു

ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്.…

3 months ago