എതിരാളിയെക്കാള്‍ കുറഞ്ഞ വില; അങ്കത്തിനുറച്ച് ടാറ്റ ഹാരിയര്‍ ഇവി

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന വേരിയന്റിന്റെ വില പ്രഖ്യാപിച്ചു. ക്വാഡ് വീല്‍ ഡ്രൈവ് (QWD) എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദത്തിന് 28.99 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹാരിയര്‍ ഇവി റിയര്‍ വീല്‍ ഡ്രൈവ് മോഡലിന്റെ വില പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും ഉയര്‍ന്ന മോഡലിന്റെ വിലയും പുറത്തുവിട്ടത്.
രണ്ട് ബാറ്ററി ഓപ്ഷനുകളിലായി ആറ് വേരിയന്റുകളിലാണ് ഹാരിയര്‍ ഇവി എത്തിയിരിക്കുന്നത്. 65 കിലോവാട്ട് ബാറ്ററി പാക്കില്‍ മൂന്ന് വേരിയന്റുകളാണുള്ളത്. അഡ്വഞ്ചര്‍ 65, അഡ്വഞ്ചര്‍ എസ് 65, ഫിയര്‍ലെസ് പ്ലസ് 65 എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന ഇവയ്ക്ക് യഥാക്രമം 21.49 ലക്ഷം, 21.99 ലക്ഷം, 23.99 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. 75 കിലോവാട്ട് പതിപ്പിലും മൂന്ന് വേരിയന്റുകളാണുള്ളത്. ഫിയര്‍ലെസ് പ്ലസ് 75, എംപവേര്‍ഡ് 75, എംപവേര്‍ഡ് 75 QWD എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന മോഡലുകള്‍ക്ക് 24.99 ലക്ഷം, 27.49 ലക്ഷം, 28.99 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.
കഴിഞ്ഞ ദിവസം ടാറ്റ ഹാരിയര്‍ മോഡലുകളുടെ റേഞ്ച് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. 65 കിലോവാട്ട് ശേഷിയുള്ള ബാറ്ററി നല്‍കിയിട്ടുള്ള ഹാരിയര്‍ ഇവിക്ക് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്ന റേഞ്ച് 538 കിലോമീറ്ററാണ്. എന്നാല്‍, ടാറ്റയുടെ ആഭ്യന്തര പരീക്ഷണത്തില്‍ 445 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. അതേസമയം, 75 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള പതിപ്പിന് 622 കിലോമീറ്റര്‍ റേഞ്ചും എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
റിയര്‍ വീല്‍ ഡ്രൈവ് മോഡലായി എത്തുന്ന ഹാരിയര്‍ ഇവി 65-ലെ ഇലക്ട്രിക് മോട്ടോര്‍ 175 എച്ച്പി പവറും 315 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. ഹാരിയര്‍ ഇവി 75-ലേയും റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിലും ഈ മോട്ടോര്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ വാഹനത്തിന് 627 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്നുണ്ട്. ഹാരിയര്‍ ഇവി ഓള്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ ഇരട്ട മോട്ടോറാണ് നല്‍കിയിരിക്കുന്നത്. മുന്നിലെ ആക്സില്‍ നല്‍കിയിട്ടുള്ള മോട്ടോര്‍ 158 എച്ച്പിയും പിന്നിലേത് 238 എച്ച്പിയും പവര്‍ ഉത്പാദിപ്പിക്കും. 504 എന്‍എം ആണ് ഇതിന്റെ ടോര്‍ക്ക്.
ബാറ്ററി ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയമാണ് ഹാരിയര്‍ ഇവിയുടെ മറ്റൊരു ആകര്‍ഷണം. 100 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 25 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജിങ് സാധ്യമാകും. ഹാരിയര്‍ ഇവി 65, 75 എന്നീ രണ്ട് പതിപ്പുകള്‍ക്കും ഒരേ സമയമാണ് ഫാസ്റ്റ് ചാര്‍ജിങ്ങിന് വേണ്ടത്. എന്നാല്‍, 7.2 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഹാരിയര്‍ ഇവി 65-ന് 9.3 മണിക്കൂറും 75-ന് 10.7 മണിക്കൂറുമാണ് ബാറ്ററി നിറയാന്‍ എടുക്കുന്ന സമയം.