വിജയ്‌യുടെ അവസാനചിത്ര പ്രഖ്യാപനം ശനിയാഴ്ച, ട്രിബ്യൂട്ട് വീഡിയോ പുറത്ത്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് തമിഴ് സൂപ്പർതാരം വിജയ്. കരിയറിലെ അറുപത്തൊൻപതാം ചിത്രം പൂർത്തിയാക്കിയശേഷം സിനിമാഭിനയത്തോട് വിടപറഞ്ഞ് പൂർണമായി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. വിജയ്‌യുടെ അവസാനചിത്രം ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് മുന്നോടിയായി താരത്തിന് ആദർമർപ്പിച്ചുകൊണ്ടുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ.
ദ ലവ് ഫോർ ദളപതി എന്ന പേരിലാണ് ദളപതി 69 എന്ന് താത്ക്കാലികമായി പേരുനൽകിയിരിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻ ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വിജയ്‌യേക്കുറിച്ചുള്ള ആരാധകരുടെ ഓർമകളാണ് വൈകാരികമായ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിജയ് എന്ന താരം ആരാധകരിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നും വീഡിയോ കാട്ടിത്തരുന്നുണ്ട്. വിജയ്‌യുടെ അവസാനചിത്രമായിരിക്കും ദളപതി 69 എന്ന് സൂചിപ്പിക്കാൻ ‘അവസാനമായി ഒരിക്കൽക്കൂടി’ എന്ന വാചകവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ദളപതി 69-നേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. “നിങ്ങളുടെ സിനിമകൾക്കൊപ്പമായിരുന്നു ഞങ്ങൾ വളർന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ ഒരുഭാഗംതന്നെയായിരുന്നു നിങ്ങൾ. 30 വർഷത്തിലേറെയായി ഞങ്ങളെ രസിപ്പിച്ചതിന് നിങ്ങളോട് നന്ദിയുണ്ട് ദളപതീ” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നിർമാതാക്കൾ കുറിച്ചത്.
എച്ച് വിനോദ് ആയിരിക്കും ദളപതി 69 സംവിധാനം ചെയ്യുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അനിരുദ്ധ് സംഗീതസംവിധാനം നിർവഹിക്കുമെന്നും സൂചനയുണ്ട്. അതേസമയം വിജയ് നായകനായ ദ ഗോട്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വെങ്കട്ട് പ്രഭുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.