കൊച്ചി∙ നടന്‍ ബാബുരാജിനെതിരായ പീഡനപരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുക. അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. നിലവില്‍ കേരളത്തിന് പുറത്തുള്ള യുവതി ഇ-മെയില്‍ വഴിയാണ് പൊലീസിൽ പരാതി നല്‍കിയത്. ഈയാഴ്ച തന്നെ അടിമാലിയിലെത്തി മൊഴി നല്‍കാന്‍ അന്വേഷണസംഘം യുവതിയോട് ആവശ്യപ്പെടും.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസാണ് ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തത്. അടിമാലിയിൽ ബാബുരാജിന്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ആയിരുന്ന യുവതിയെ 2019ൽ റിസോർട്ടിൽ പീഡിപ്പിച്ചെന്നാണു പരാതി. പിന്നീട്, സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കാമെന്നു വിശ്വസിപ്പിച്ച് ഇദ്ദേഹത്തിന്റെ എറണാകുളം ജില്ലയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ഓൺലൈനിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു കേസ് റജിസ്റ്റർ ചെയ്തത്.