തിരുവനന്തപുരം: ഇന്നേവരെ ഇന്ത്യയിലെത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്‌നർ ഹാൻഡ്‌ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ഉയരവും 24,116 കണ്ടെയ്‌നർ ശേഷിയുമുള്ള ഈ കപ്പൽ ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്.
വലിയ കപ്പലുകൾക്ക് സുഗമമായി വലിയ തയ്യാറെടുപ്പുകളില്ലാതെ വിഴിഞ്ഞത്ത് ബെർത്ത് ചെയ്യാൻ സാധിച്ചതോടെ തുറമുറഖത്തിന്റെ പ്രാധാന്യം വർധിച്ചു. മറ്റ് തുറമുഖങ്ങളിൽ ഇത്തരം വലിയ കപ്പലുകൾ അടുക്കാൻ പ്രത്യേകം ഡ്രഡ്ജിങ് നടത്തി തുറമുഖത്തോട് ചേർന്ന ഭാഗത്തിന്റെ ആഴം കൂട്ടണം. എന്നാൽ സ്വാഭാവികമായി 20 മീറ്ററോളം ആഴമുള്ളതാണ് വിഴിഞ്ഞത്തിന്റെ സവിശേഷത.
കൊളംബോ ഉൾപ്പെടെ മേഖലയിലെ പ്രധാനപ്പെട്ട മറ്റ് മദർ പോർട്ടുകളിൽ എത്തിയിട്ടുള്ളവയേക്കാൾ ശേഷികൂടിയ കപ്പലാണ് എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ്. വിഴിഞ്ഞത് കണ്ടെയ്‌നറുകൾ ഇറക്കിയതിന് ശേഷം കപ്പൽ പോർചുഗലിലേക്കാണ് പോകുന്നത്. വെള്ളിയാഴ്ച രാത്രിതന്നെ കപ്പൽ തുറമുഖത്തുനിന്ന് യാത്ര തിരിക്കും. നേരത്തെ വിഴിഞ്ഞത്ത് എത്തിയ വലിയ കപ്പൽ എം.എസ്.സി അന്നയാണ്. അതിന് 19462 ടി.ഇ.യു ശേഷി മാത്രമാണുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിക്കും. അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റിന്റെ നങ്കൂരമിടൽ. നിലവിൽ ട്രയൽ റൺ നടന്നുകൊണ്ടിരിക്കെ തന്നെ വമ്പൻ കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർധിച്ചു.