Breaking
22 Dec 2024, Sun

കെ.എഫ്.സി. ഗിവ് എവേ, പ്രചരിക്കുന്നത് വ്യാജ ലിങ്ക് |

അൻപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ.എഫ്.സിയുടെ ഗിവ് എവേയോ? ഇങ്ങനെയൊരു അവകാശവാദവുമായി ഒരു ലിങ്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ടത് ഉൾപ്പടെ ഏതാനും ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ ‘കെ.എഫ്.സി ബക്കറ്റ്‌സ്’ ലഭിക്കും എന്നാണ് വാഗ്ദാനം. സൗജന്യമായി കെ.എഫ്.സി. ഉത്പന്നങ്ങൾ കിട്ടുമെന്ന ചിന്തയിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ട, കാരണം പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്. വിശദാംശങ്ങൾ നോക്കാം..

പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കെന്റക്കി ഫ്രൈഡ് ചിക്കന്റെ (കെ.എഫ്.സി.) സൈറ്റിലേത് എന്ന് തോന്നിക്കുന്ന ഒരു പേജിലേക്കാണ് എത്തിച്ചേരുക. ലാൻറിങ് പേജിൽ കെ.എഫ്.സി. ലോഗോയ്ക്കൊപ്പം ഒരു അഭിനന്ദന സന്ദേശം നൽകിയിട്ടുണ്ടാകും. സ്ഥാപനത്തിന്റെ അൻപത്തി അഞ്ചാം വാർഷികാഘോഷത്തിൻറെ ഭാഗമായി നൽകുന്ന റിവാർഡ് ലഭിക്കുന്നതിനായി ഓകെ ബട്ടണിൽ ക്ലിക്ക് ചെയാനാണ് ഇതിൽ ആവശ്യപ്പെടുന്നത്.

തുടർന്ന് വരുന്നത് ഏതാനും ചോദ്യങ്ങളാണ്. നിങ്ങൾ സ്ത്രീയോ പുരുഷനോ, പ്രായം, കെ.എഫ്.സിയുടെ ഭക്ഷണോത്പന്നങ്ങൾ ഇഷ്ടമാണോ എന്നിങ്ങനെയാണവ. ഇത് പൂർത്തീകരിച്ചാൽ ഇഷ്ടമുള്ള ബക്കറ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. ഇത്രയും കാണുമ്പോൾ തന്നെ സംഭവം ഒറിജിനൽ ആണെന്ന് പലരും വിശ്വസിക്കും. അപ്പോഴാണ് അടുത്ത നിർദേശം വരുന്നത്, സമ്മാനം കിട്ടണമെങ്കിൽ ലിങ്ക് പലർക്കുമായി ഷെയർ ചെയ്യണം. ഇത് കണ്ട് അൽപമൊന്ന് ശങ്കിക്കുന്നവരെ വിശ്വസിപ്പിക്കാൻ റിവാർഡ് ലഭിച്ചെന്ന നിരവധി പേരുടെ അനുഭവക്കുറിപ്പുകളും പേജിൽ നൽകിയിട്ടുണ്ട്.

യഥാർഥത്തിൽ ഈ ലിങ്കിന് കെ.എഫ്.സിയുടെ ഔദ്യോഗിക സൈറ്റുമായി https://online.kfc.co.in/ യാതൊരു ബന്ധവുമില്ല. അമേരിക്കയിലെ യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിക്ക് സമീപം 1952-ലാണ് ആദ്യത്തെ കെന്റക്കി ഫ്രൈഡ് ചിക്കൻ ഫ്രാഞ്ചൈസി ആരംഭിച്ചത്. അതായത്, പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് പോലെ 2024-ൽ കമ്പനിയുടെ 55-ാം വാർഷികമല്ല മറിച്ച് സ്ഥാപനം ആരംഭിച്ചിട്ട് ഇപ്പോൾ 72 വർഷമായി. ഇത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കി കെ.എഫ്.സിയുടെ ഔദ്യോഗിക ഫേസുബുക്ക് പേജിൽ പോസ്റ്റ് ചെയ്തതായും പരിശോധനയിൽ കണ്ടെത്തി.

ഈ പ്രചാരണത്തിന് സമാനമായി പല വാഗ്ദാനങ്ങളുമായി ഇത്തരത്തിൽ ലിങ്കുകൾ ഇറങ്ങാറുണ്ട്. ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്തിനേറെ പ്രധാനമന്ത്രിയുടെ പേരിൽ വരെ സൗജന്യ റീച്ചാർജ്, സമ്മാന വാഗ്ദാനങ്ങളുമായി വ്യാജ പ്രചാരണം നടന്നിരുന്നു. ഇങ്ങനെ പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ഇത് മറ്റൊരു പേജിലേക്ക് റീഡയറക്ട് ചെയ്ത് പോവുകയാണ് മിക്കവാറും ചെയ്യുക. പലപ്പോഴും ഇവ ഫിഷിങ് ലിങ്കുകളും ആകാറുണ്ട്. ഇതിലൂടെ ബാങ്കിംഗ്, വ്യക്തി വിവരങ്ങൾ തട്ടിയെടുക്കുകയാവും ലക്ഷ്യമിടുന്നത്. വ്യാജ ലിങ്കുകളിൽ പ്രവേശിക്കുന്നത് വഴി മാൽവേറുകൾ ഡിവൈസിൽ കടന്ന് കൂടാനും സാധ്യതയുണ്ട്. ആയതിനാൽ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വിവരങ്ങൾ കൈമാറുകയോ ഇവ മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയോ ചെയ്യരുത്.

By admin