ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കൂടിനുസമീപം കെട്ടിയ ആടിന്റെ ഉടൽഭാഗം മുഴുവൻ പുലി ഭക്ഷിച്ചനിലയിലാണ്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പുലിയുടെ കാൽപ്പാടുകൾ ദൃശ്യമാണെന്ന് വനപാലകർ പറഞ്ഞു. പുലിയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. അടുത്തദിവസം ക്യാമറകൾ സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഇ. ബൈജുനാഥ് പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ പൂഴിത്തോട് മാവട്ടം കുടിവെള്ള ടാങ്കുള്ള പ്രദേശത്ത് പുലിയെ കണ്ടതിനാൽ മാവട്ടത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.
ജനുവരിയിൽ പൂഴിത്തോട് മേഖലയിൽ ആറ് നായകളെ പുലി പിടിച്ചപ്പോഴും വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ, പുലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഡിസംബറിൽ മാവട്ടം കുടിവെള്ള ടാങ്കിനുസമീപത്തെ വീടുകളിലെ വളർത്തുനായകളെ പുലി പിടിച്ചിരുന്നു.
താളിപ്പാറ പന്നിഫാമിനടുത്തുള്ള നായയെയും കാണാതായിരുന്നു. താളിപ്പാറ മേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിയുകയും ചെയ്തു. പഞ്ചായത്തിലെ മുതുകാട് മൂന്നാംബ്ലോക്ക് സീതപ്പാറ മേഖലയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ പുലി പട്ടിയെ പിടിച്ച സംഭവമുണ്ടായിരുന്നു. അവിടെയും കൂട് വെച്ചിരുന്നെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.