Breaking
19 May 2025, Mon

മാസ് എന്ന വാക്കിന് പുതിയ നിർവചനം, ഞെട്ടിച്ച് മമ്മൂട്ടി; വൻ തിയേറ്റർ കാഴ്ചയൊരുക്കി ‘ബസൂക്ക’


മമ്മൂട്ടിയും നവാഗത സംവിധായകരും, അതൊരു വ്യത്യസ്തമായ കോംബോയാണ്. സമീപകാലത്തിറങ്ങിയ മിക്ക മമ്മൂട്ടി ചിത്രങ്ങളും അതിനുദാഹരണമാണ്. അതിനെ അടിവരയിടുന്ന പുതിയ ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നീസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളികൾ ഇതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഗെയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ്. മാസ് എന്ന വാക്കിനും അനുഭവത്തിനും പുതിയ തലം തീർത്തിരിക്കുകയാണ് മമ്മൂട്ടിയും ഡീനോയും ചേർന്ന്.

വെല്ലുവിളികൾ നിറഞ്ഞ പല ലെവലുകളാണ് ഗെയിമുകളുടെ പ്രത്യേകത. ആദ്യത്തെ ലെവൽ ലളിതമായിരിക്കുമെങ്കിൽ പിന്നീടുള്ള ഓരോ ലെവലിലും വെല്ലുവിളികളുടെ കാഠിന്യം കൂടിക്കൊണ്ടിരിക്കും. എല്ലാ വെല്ലുവിളികളേയും തരണം ചെയ്ത് ഏറ്റവും കാഠിന്യമേറിയ ലെവലും മറികടക്കുന്നയാളായിരിക്കും ജേതാവ്. ഒരു ഗെയിമിന്റെ ഈ സ്വഭാവമാണ് ബസൂക്ക എന്ന ചിത്രത്തിലും കാണാനാവുക. പോലീസിനെ വട്ടംകറക്കുന്ന ഒരു കുറ്റവാളി, അയാൾ തീർക്കുന്ന കെണികളും വെല്ലുവിളികളും, പോലീസ് അതിനെ എങ്ങനെ നേരിടുന്നു എന്നെല്ലാമാണ് ബസൂക്ക അടിസ്ഥാനപരമായി ചർച്ച ചെയ്യുന്നത്.

ബെഞ്ചമിൻ ജോഷ്വ നയിക്കുന്ന പോലീസ് അന്വേഷണസംഘം ഒരു വശത്ത്, മറുവശത്ത് ഇവർക്ക് തലവേദന സൃഷ്ടിക്കുന്ന മാരിയോ എന്ന കൊടുംകുറ്റവാളി. ഇവർക്കിടയിലേക്ക് വരുന്ന ജോൺ സീസർ എന്ന മറ്റൊരാൾ. ഈ മൂന്നുപേരെയും അത്യന്തം ത്രില്ലിങ്ങായ ഒരു വീഡിയോ ഗെയിമിലേക്കെന്നപോലെ ചേർത്തുവെയ്ക്കുകയാണ് സംവിധായകൻ ഡീനോ. ഈ കളിയിൽ ജോൺ സീസർ ഗെയിം കളിക്കുന്നയാളും പോലീസും മാരിയോയും ഗെയിമിലെ രണ്ട് ചേരികളുമാണ്. മറ്റൊരർത്ഥത്തിൽ മാരിയോയിലേക്കെത്താൻ പോലീസിനെ സഹായിക്കുകയാണ് ജോൺ സീസർ ചെയ്യുന്നതെന്ന് പറയാം.

പോലീസും കള്ളനും കളി പ്രമേയമായി നിരവധി ചിത്രങ്ങൾ മലയാളത്തിലുൾപ്പെടെ പല ഭാഷകളിലും വന്നിട്ടുണ്ട്. എന്നാൽ ബസൂക്കയെ അതിൽനിന്നെല്ലാം വ്യത്യസ്തമാക്കുന്നത് ഒരു ഗെയിമിലെന്ന പോലെ കഥാപാത്രങ്ങളെ കൂട്ടിയിണക്കിയിടത്താണ്. പറഞ്ഞുതുടങ്ങുമ്പോൾ മേക്കിങ് മുതൽ തുടങ്ങാം. സ്റ്റൈലിഷ് എന്നുവേണം മേക്കിങ് ശൈലിയെ ഒറ്റ വാക്കിൽ വിശേഷിപ്പിക്കാൻ. ഗെയിം ത്രില്ലർ എന്ന ജോണറിനോട് നീതി പുലർത്താൻ സാധ്യമായതെല്ലാം ഡീനോ ചെയ്തുവെച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ വായിക്കുന്ന പുസ്തകങ്ങൾ, അവരെ അവതരിപ്പിച്ചിരിക്കുന്ന രീതി, അവർ ഉപയോഗിക്കുന്ന വാഹനങ്ങൾ, കുറ്റകൃത്യത്തിന്റെ രീതി മുതലായവയിലെല്ലാം ഗെയിമുകളുമായി ബന്ധപ്പെടുത്തിയുള്ള എന്തെങ്കിലുമൊക്കെ ഘടകങ്ങൾ കൊണ്ടുവരാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ചില രംഗങ്ങളിൽ ക്യാമറാ ഷോട്ടുകൾ പോലും ഗെയിമുകളെ അനുസ്മരിപ്പിക്കുന്നുണ്ട്. ഒരു ഗെയിമിലെന്നപോലെ അടുത്തത് എന്തുവേണമെങ്കിലും സംഭവിക്കാം എന്ന പ്രതീതി കൊണ്ടുവരാനും ഡീനോയ്ക്ക് സാധിച്ചിട്ടുണ്ട്.

താരപ്രകടനങ്ങളിൽ മമ്മൂട്ടിയിൽനിന്നുതന്നെ തുടങ്ങാം. സ്റ്റൈലിഷ്, മാസ് കഥാപാത്രങ്ങൾ ഇതിനുമുൻപും ചെയ്തിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലെ ജോൺ സീസർ എന്ന കഥാപാത്രം കുറച്ച് സ്പെഷ്യൽ തന്നെയാണ്. ഇതുപോലൊരു വേഷം അദ്ദേഹം ഇതിനുമുൻപ് ചെയ്തിട്ടില്ല എന്നതുതന്നെ അതിന് കാരണം. പൊതുവേ സ്റ്റൈലിഷ് മേക്കിങ് വരുന്ന സിനിമകളിൽ താരങ്ങൾക്കും അതിനനുസരിച്ചുള്ള പ്രകടനമാണ് സംവിധായകൻ ആ അഭിനേതാക്കൾക്ക് നൽകാറ്. എന്നാൽ ബസൂക്കയിലെ മമ്മൂട്ടിയുടെ കാര്യത്തിൽ ആ പതിവ് ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്. സ്റ്റൈലിഷ് നായകസങ്കല്പങ്ങൾ തിരുത്തിക്കുറിക്കുന്നുണ്ട് മമ്മൂട്ടി. പ്രാധാന്യമുള്ള വേഷത്തിൽ ഗൗതം മേനോനും മലയാളത്തിലെ മുഴുനീള വേഷം മികച്ചതാക്കിയിട്ടുണ്ട്. ഹക്കീം ഷാജഹാനാണ് എടുത്തുപറയേണ്ട മറ്റൊരു താരം. ഗെയിമർ സണ്ണിയായി കയ്യടിയർഹിക്കുന്ന പ്രകടനംതന്നെ ഹക്കീം പുറത്തെടുത്തിട്ടുണ്ട്. സുമിത് നവാൽ, ഐശ്വരാ മേനോൻ, ബാബു ആന്റണി, സിദ്ധാർത്ഥ് ഭരതൻ, ഡിനു ഡെന്നീസ്, ഭാമ അരുൺ, ദിവ്യാ പിള്ള എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

സംഗീത വിഭാഗമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. മേക്കിങ് പോലെ തന്നെ സ്റ്റൈലിഷ് ആയിരുന്നു സയീദ് അബ്ബാസ് ഒരുക്കിയ പശ്ചാത്തലസംഗീതവും. ചടുലമായി നീങ്ങുന്ന കഥയായതുകൊണ്ടുതന്നെ ഗാനങ്ങളും പശ്ചാത്തലസംഗീതം പോലെതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സംഘട്ടനരംഗങ്ങളും മികച്ചതായി. നിമേഷ് രവിയുടെ ഛായാഗ്രഹണവും ബസൂക്കയ്ക്ക് തുണയാണ്. മലയാളസിനിമ ഇതുവരെ കാണാത്തതരം ക്ലാസ്-മാസ്-സ്റ്റൈലിഷ് ചിത്രം കാണാനാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ ബസൂക്ക നിങ്ങൾക്കുള്ളതാണ്. തിയേറ്റർ കാഴ്ചയാണ് ബസൂക്ക.

By admin