Breaking
19 May 2025, Mon

ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ആംബുലൻസിന് ചികിത്സയില്ല; രോഗികൾക്ക് ദുരിതം

ഫറോക്ക് |  ഒരു വർഷം മുൻപ് അപകടത്തിൽപെട്ട ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് അറ്റകുറ്റപ്പണി നടത്തി ഉപയോഗ സജ്ജമാക്കാൻ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. 16 മാസം മുൻപ് 3.62 ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്താമായിരുന്ന വാഹനം നന്നാക്കാൻ ഇപ്പോൾ 10.5 ലക്ഷം രൂപ വേണമെന്നാണ് എസ്റ്റിമേറ്റ്.ഇൻഷുറൻസ് തുക ലഭിക്കുമെങ്കിലും പണികൾ നടത്തുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് ഉത്തരവ് ലഭിച്ചിട്ടില്ല.

ഇതിനാൽ എം.കെ.രാഘവൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ വാങ്ങിയ ആംബുലൻസ് ചുങ്കത്തെ വാഹന സർവീസ് സെന്ററിൽ കിടന്നു നശിക്കുകയാണ്. 2023 നവംബർ 15നു രാവിലെ പിഎസ്‌സിയുടെ എൻഡ്യുറൻസ് ടെസ്റ്റിനു പോകുന്നതിനിടെ രാമനാട്ടുകര വൈദ്യരങ്ങാടിയിലാണ് ആംബുലൻസ് അപകടത്തിൽപെട്ടത്. ദിശ മാറി എത്തിയ ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് അപകടത്തിൽപെട്ട വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു.

അന്നു ആശുപത്രി അധികൃതർ ഇടപെട്ട് ചുങ്കത്തെ സർവീസ് സെന്ററിൽ എത്തിച്ച ആംബുലൻസ് ഇപ്പോഴും അതേപടി കിടപ്പാണ്. അറ്റകുറ്റപ്പണികൾക്ക് 3.62 ലക്ഷം രൂപയുടെ എസ്റ്റിമേറ്റായിരുന്നു ഷോറൂമുകാർ നൽകിയിരുന്നത്. 3 ലക്ഷം രൂപയുടെ മുകളിലുള്ള പ്രവൃത്തികൾക്ക് സർക്കാരിന്റെ അനുമതി വേണ്ടി വന്നു.ജില്ലാ മെഡിക്കൽ ഓഫിസ് മുഖേന ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കത്തു നൽകിയെങ്കിലും യഥാസമയം തുടർ നടപടികളുണ്ടായില്ല.

ആരോഗ്യവകുപ്പ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ 5 മാസം മുൻപ് വീണ്ടും എസ്റ്റിമേറ്റ് തയാറാക്കി. ഇപ്പോൾ 10.5 ലക്ഷം രൂപ വേണ്ടി വരുമെന്നാണു കണക്ക്.ഇതു ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടു കാലമേറെയായെങ്കിലും ആംബുലൻസ് നന്നാക്കാൻ നടപടി മാത്രം സ്വീകരിക്കുന്നില്ല. ദിവസം നൂറുകണക്കിന് ആളുകൾ ചികിത്സ തേടി എത്തുന്ന ഫറോക്ക് താലൂക്ക് ആശുപത്രിയിൽ 2 ആംബുലൻസ് സേവനം ഉണ്ടായിരുന്നു. ഇതിലൊരെണ്ണം അപകടത്തിൽപെട്ടതോടെ ഇപ്പോൾ 108 ആംബുലൻസിന്റെ സേവനം മാത്രമാണുള്ളത്.

By admin