Breaking
19 May 2025, Mon

കൊടുംചൂടിൽ വലഞ്ഞ് രാജ്യം; സംസ്ഥാനങ്ങൾക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ്

ന്യൂഡൽഹി | രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡൽഹിയിൽ അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹി കൂടാതെ ഹിമാചൽ പ്രദേശ്, ഹരിയാണ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഞായറാഴ്ച 42 ഡിഗ്രി സെൽഷ്യസിലും കൂടുതൽ താപനില രേഖപ്പെടുത്തി. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ 21 നഗരങ്ങളിലാണ് ഞായറാഴ്ച ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ മൂന്ന് മുതൽ 6.9 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

രാജസ്ഥാനിലെ ബാർമറിൽ ഞായറാഴ്ചത്തെ താപനില 45.6 ഡിഗ്രി സെൽഷ്യസായിരുന്നു. ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. സാധാരണയുള്ളതിലും 6.8 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണ് പ്രദേശത്ത് ഞായറാഴ്ച അനുഭവപ്പെട്ടത്.

ഏപ്രിൽ ആറ് മുതൽ പത്ത് വരെ ഗുജറാത്തിലും ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടുത്ത ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*

By admin