കൊച്ചി| ബോക്സോഫീസിൽ പുതിയ ചരിത്രംകുറിച്ച് എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനംചെയ്ത ചിത്രത്തിന്റെ ആഗോള കളക്ഷൻ 250 കോടി കടന്നു. അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പോസ്റ്ററും അവർ പുറത്തുവിട്ടു.
മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റെന്നാണ് പുത്തൻ പോസ്റ്ററിൽ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം 250 കോടി ആഗോള കളക്ഷൻ നേടുന്നതെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നിർമാതാവ് ആന്റണി പെരുമ്പാവൂർ കുറിച്ചത്. മോഹൻലാലും പൃഥ്വിരാജുമടക്കം ചിത്രത്തിലെ എല്ലാ താരങ്ങളുടേയും ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആഭ്യന്തര കളക്ഷൻ 100 കോടിയിലേക്കടുക്കുകയാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ചിത്രം ഇൻഡസ്ട്രി ഹിറ്റായെന്ന് കഴിഞ്ഞദിവസമാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഇതിനുപിന്നാലെയാണിപ്പോൾ പുതിയ കളക്ഷൻ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ട കാര്യം രണ്ടുദിവസം മുൻപ് അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറഞ്ഞു. സിനിമയുടെ ആഗോള ഷെയർ കളക്ഷനാണിത്.
ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
മോഹൻലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.
*♡ ㅤ ❍ㅤ ⎙ㅤ ⌲*
11 ദിവസം പോലും വേണ്ടി വന്നില്ല, വാരിയെടുത്തത് 250 കോടി; ബോക്സോഫീസിൽ ‘എമ്പുരാന്റെ’ തേരോട്ടം
