Breaking
19 May 2025, Mon

മദ്യനയത്തിൽ വമ്പൻ ഇളവ്, ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം



തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ, കൂടിച്ചേരലുകൾ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ക്ലാസിക് റിസോർട്ടുകൾ എന്നിവയ്ക്കാണ് അനുമതി.

അരലക്ഷംരൂപ നൽകി പ്രത്യേക ഏകദിന പെർമിറ്റ് എടുക്കണം. ഏഴുദിവസംമുമ്പ് അപേക്ഷിക്കണം. ഒന്നാംതീയതി ഡ്രൈ ഡേയിൽ മാത്രമാണ് ഇളവ്. മറ്റു ഡ്രൈ ഡേകളിൽ അനുമതിയില്ല.

പാലക്കാട് എലപ്പുള്ളിയിലേതുപോലെ കൂടുതൽ മദ്യനിർമാണയൂണിറ്റുകൾ തുടങ്ങാനും മദ്യനയത്തിൽ വ്യവസ്ഥയുണ്ട്. സ്പിരിറ്റ് നിർമാണ യൂണിറ്റുകൾ, ബ്രൂവറി, ഡിസ്റ്റിലറി എന്നിവ തുടങ്ങാം. പുതിയ വൈൻ നിർമാണ യൂണിറ്റുകൾക്കും തടസ്സമില്ല. ഹോർട്ടി വൈനുകൾ ബിവറേജസ്‌വഴിമാത്രമേ വിൽക്കാവൂ എന്ന വ്യവസ്ഥയിലും ഇളവുനൽകി.

ലക്ഷദ്വീപിലേക്ക് മദ്യം കയറ്റിയയയ്ക്കാൻ ബിവറേജസ് കോർപ്പറേഷന് അനുമതി നൽകി. ബങ്കാരം ദ്വീപിലേക്ക് മദ്യംനൽകാൻ നേരത്തേ പ്രത്യേകാനുമതി നേടിയിരുന്നു. കയറ്റുമതി ചെയ്യുന്ന മദ്യത്തിനുള്ള നികുതി കൂട്ടും. ബിവറേജസ് മദ്യക്കുപ്പികളിൽ ക്യൂആർകോഡ് നിർബന്ധമാക്കും.

കള്ള് ബോട്ടിലിൽ

ടോഡി ബോർഡിന്റെ ആവശ്യം പരിഗണിച്ച് കള്ള് ബോട്ടിലിലാക്കി കയറ്റുമതിചെയ്യാൻ അനുമതി നൽകി. അതേസമയം, കള്ളുഷാപ്പുകളുടെ ദൂരപരിധിയിൽ ഇളവ് നൽകിയില്ല. ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയിൽനിന്നുമുള്ള അകലം 400 മീറ്ററിൽ നിന്ന് 150 ആയി കുറയ്ക്കണമെന്നായിരുന്നു ആവശ്യം.

തെങ്ങിൽനിന്ന് ഒരു ദിവസം ചെത്തിയെടുക്കുന്ന കള്ളിന്റെ അളവ് പുതുക്കി നിശ്ചയിക്കും. നിലവിൽ രണ്ടുലിറ്ററാണ്. കേരള ടോഡി എന്ന പേരിൽ നക്ഷത്രഹോട്ടലുകളിൽ കള്ളുചെത്തി വിൽക്കുന്നതിന് അനുമതി തുടരും.



ബാറുകൾക്ക് ഇളവ്

ബാറുകളുടെ പാർട്ണർഷിപ്പും ഡയറക്ടർബോർഡും പുനഃസംഘടിപ്പിക്കാൻ എക്സൈസിന്റെ മുൻകൂർ അനുമതി വേണ്ട. പുനസംഘടനയ്ക്കുശേഷം ഒരുമാസത്തിനുള്ളിൽ അറിയിച്ചാൽ മതി. വൈകിയാൽ പിഴചുമത്തും. അതേസമയം, ബാറുകളുടെ പ്രവർത്തനസമയം രാത്രി ഒരു മണിക്കൂർകൂടി കൂട്ടണമെന്ന ശുപാർശ അംഗീകരിച്ചില്ല.

കപ്പലുകളിലും മദ്യം

വിനോദസഞ്ചാരപ്രോത്സാഹനത്തിന്റെ ഭാഗമായി ആഡംബരക്കപ്പലുകളിലും മദ്യം വിളമ്പാൻ അനുമതിനൽകും. നെഫർറ്റിറ്റി എന്ന കപ്പലിന് ഇപ്പോൾ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്‌.

വ്യവസായ-ഐടി പാർക്കുകളിൽ മദ്യം

വ്യവസായ-ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി ലഭിക്കും. മുൻ മദ്യനയത്തിൽ പ്രഖ്യാപിച്ചതാണെങ്കിലും ചട്ടമുണ്ടാക്കാത്തതിനാൽ ഇതുവരെ തുടങ്ങിയിരുന്നില്ല. ഐടി പാർക്കുകളിലെ മദ്യശാലാനടത്തിപ്പ് പുറംകരാർ നൽകാൻ തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിൽ അന്തിമതീരുമാനമായിട്ടില്ല.

By admin