ക്ലബ് ലോകകപ്പ്; മെസ്സിപ്പടയെ തകർത്ത് പിഎസ്ജി ക്വാർട്ടറിൽ, മയാമി പുറത്ത്

ATLANTA, GEORGIA - JUNE 29: Joao Neves #87 of Paris Saint-Germain celebrates scoring his team's first goal during the FIFA Club World Cup 2025 round of 16 match between Paris Saint-Germain and Inter Miami CF at Mercedes-Benz Stadium on June 29, 2025 in Atlanta, Georgia. (Photo by Alex Grimm/Getty Images)
ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിക്ക് തോൽവി. ഏകപക്ഷീയമായ നാലുഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം. അതോടെ ക്ലബ് ലോകകപ്പിൽ ഫ്രഞ്ച് വമ്പന്മാർ ക്വാർട്ടറിലേക്ക് മുന്നേറി. മെസ്സിയും സംഘവും പുറത്തായി.
മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ തന്നെ പിഎസ്ജി മുന്നിലെത്തി. ജാവോ നെവസ് തകര്‍പ്പന്‍ ഹെഡറിലൂടെ വലകുലുക്കി. മൈതാനത്ത് ആധിപത്യം പുലര്‍ത്തിയ പിഎസ്ജി ആദ്യ പകുതിയില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. പല തവണ ഗോളിനടുത്തെത്തി. മയാമി പ്രതിരോധം പിഎസ്ജി മുന്നേറ്റങ്ങളെ തടയാന്‍ ഏറെ ബുദ്ധിമുട്ടി. പിന്നാലെ 39-ാം മിനിറ്റില്‍ നെവസ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തി.
44-ാം മിനിറ്റില്‍ മയാമി താരം തോമസ് അവൈല്‍സിന്റെ സെല്‍ഫ് ഗോളും ഇഞ്ചുറി ടൈമില്‍ അഷ്‌റഫ് ഹക്കിമിയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ നാലുഗോളുകള്‍ക്ക് പിഎസ്ജി മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ട് മെസ്സിയും സംഘവും ആക്രമിച്ചു കളിച്ചു. നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വലകുലുക്കാനായില്ല. പിഎസ്ജിക്കും ഗോള്‍ കണ്ടെത്താനായില്ല. അതോടെ 4-0 ന് പിഎസ്ജി ജയവും ക്വാര്‍ട്ടര്‍ പ്രവേശവും സ്വന്തമാക്കി.
അതേസമയം അപ്രതീക്ഷിത കുതിപ്പുനടത്തിയാണ് ഇന്റർ മയാമി നോക്കൗട്ടിലേക്ക് മുന്നേറിയത്. രണ്ടുവട്ടം യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗൽ ടീം പോർട്ടൊയെ അട്ടിമറിക്കാൻ (2-1) മയാമിക്കായി. മെസ്സിയുടെ ഉജ്ജ്വല ഫ്രീകിക്ക് ഗോളിലായിരുന്നു ടീമിന്റെ വിജയം. ബ്രസീലിയൻ വമ്പന്മാരായ പാൽമിറാസിനോട് രണ്ടുഗോളിന് മുന്നിൽനിന്നശേഷം മയാമി സമനിലവഴങ്ങിയെങ്കിലും ഗ്രൂപ്പിൽ രണ്ടാമതായാണ് നോക്കൗട്ടിലെത്തിയത്.