Breaking
23 Dec 2024, Mon

യൂസഫലിയുടെ ഓണസമ്മാനം; ആഗോള നിലവാരത്തിലുള്ള ഷോപ്പിങ്ങ് മാൾ കോഴിക്കോട് തുറന്നു

കോഴിക്കോ‌ട് : മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലുമാൾ മാങ്കാവിൽ തുറന്നു. ലോകോത്തര ഷോപ്പിങ്ങിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങായി അന്താരാഷ്ട്ര നിലവാരത്തിലാണ് മാൾ തുറന്നിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാൾ ഒരുങ്ങിയിരിക്കുന്നത്.

കോഴിക്കോട് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.

മലബാറിന്റെ വാണിജ്യവികസന മുന്നേറ്റത്തിന് എം.എ യൂസഫലി നൽകുന്ന പിന്തുണയുടെ നേർസാക്ഷ്യമാണ് പുതിയ മാൾ എന്നും പ്രാദേശിക വികസനത്തിനൊപ്പം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് കൂടിയാണ് പ്രതീക്ഷയുടെ വെളിച്ചമേകുന്നതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ സാധ്യത കൂടിയാണ് ലുലു തുറന്നിരിക്കുന്നത്. ലുലുവിന് സമീപമുള്ള റോഡുകൾ ഉൾപ്പടെ നഗരത്തിലെ പന്ത്രണ്ട് റോഡുകൾക്ക് സിറ്റി ഇമ്പ്രൂവ്മെന്റ് പദ്ധതിയിലൂടെ 1300 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി കൂട്ടിചേർത്തു. കോഴിക്കോ‌ടിന്റെ വികസനപ്രവർത്തിന് കരുത്തേകുന്ന എം.എ. യൂസഫലിയുടെ പ്രൊജക്ടുകൾക്ക് സർക്കാർ എല്ലാപിന്തുണയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

മതസൗഹാർദത്തിന്റെ ഈറ്റില്ലമായ മലബാറിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. മികച്ച നഗരാസൂത്രണമുള്ള സിറ്റിയായി കോഴിക്കോടിനെ മാറ്റേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണ്. നഗരത്തിന്റെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ മാൾ. മികച്ച നിലവാരത്തിലുള്ള ഹോട്ടൽ കോഴിക്കോട് യാഥാർത്ഥ്യമാക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാതൃകയിൽ വലിയ പദ്ധതികൾ നടപ്പാക്കുമെന്നും മലബാറിന്റെ വികസനത്തിന് വേണ്ട എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ ഐടി കമ്പനികൾ ഉൾപ്പടെ കോഴിക്കോട് എത്തുന്നതിന് ലുലുവിന്റെ ഇത്തരം പ്രൊജക്ടുകൾ വലിയ സഹായമാകുമെന്നും പുതിയതലമുറയുടെ ആവശ്യക്ത കൂടിയാണ് ലുലു മാൾ നിറവേറ്റുന്നതെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. ഹാപ്പിനെസ് ഇൻഡെക്സ് സൂചിക ഉയർത്താനുള്ള നഗരസഭയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് പുതിയ ലുലു മാൾ എന്നും അവർ കൂട്ടിചേർത്തു.

By admin

Leave a Reply