കേരളം

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല | ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. തിരുവനന്തപുരം പൂളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കർ പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. കോഴിക്കോട് വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു.

മണിയൂർ സ്വദേശിയായ ദാമോദരൻ നമ്പൂതിരി പയ്യോളി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.'ഭഗവാന്‍ വലിയ ഒരു ഉത്തരവാദിത്തം നല്‍കിയിരിക്കുകയാണ്. അത് നല്ല രീതിയില്‍ തന്നെ ചെയ്യും. ഒത്തിരി സന്തോഷം, വിവാദങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞാന്‍ പോകുന്നത് ഭഗവാനെ സേവിക്കാനാണ്. ഭഗവാന്റെ ദര്‍ശനത്തിനായി കാത്തിരുന്ന ആളാണ്. ഇപ്പോള്‍ ഭഗവാനെ സേവിക്കാനുള്ള അവസരം നല്‍കി,' സുബ്രഹ്മണ്യന്‍ ശങ്കരന്‍ മീഡിയവണിനോട് പറഞ്ഞു. ഉഷ പൂജയ്ക്ക് ശേഷം നടന്ന നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍, ദേവസ്വം കമ്മീഷണര്‍ ബി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. സന്നിധാനത്തെ സോപാനത്താണ് നറുക്കെടുപ്പ് നടന്നത്.

അതേസമയം, തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളില്‍ ശബരിമല നട തുറക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകള്‍ക്കുണ്ട്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 22ന് രാത്രി പത്തിന് നടയടക്കും. തുടര്‍ന്ന് അടുത്ത മാസം 17ന് മണ്ഡലകാലം ആരംഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു