കോഴിക്കോട്

സ്കൂൾ കായികമേള ആദ്യദിനം: പാലക്കാട് ഒന്നാമത്, മലപ്പുറം തൊട്ടു പിന്നിൽ; 400 മീറ്ററിൽ പുതിയ മീറ്റ് റെക്കോർഡുമായി ശ്രീഹരി

കോഴിക്കോട് | സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‍ലറ്റിക്സിലെ വാശിയേറിയ പോരാട്ടത്തിൽ പാലക്കാട് നേരിയ പോയിന്റിന് മുന്നിൽ. ആദ്യദിനത്തിൽ 14 ഫൈനലുകൾ പൂർത്തിയാകുമ്പോൾ പാലക്കാടിന് 29 പോയിന്റും മലപ്പുറത്തിന് 26 പോയിന്റുമാണുള്ളത്. പ്രായത്തട്ടിപ്പ്‌ പരാതി ഉയർന്നതിനെ തുടർന്ന്‌ സബ്ജൂനിയര്‍ ആൺകുട്ടികളുടെ 400 മീറ്ററിന്റെ ഫലം തടഞ്ഞുവച്ചു.

13 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതും 10 പോയിന്റോടെ ആലപ്പുഴ നാലാമതുമുണ്ട്‌. എറണാകുളം എട്ട്‌ പോയിന്റുമായി അഞ്ചാമത്‌. ആതിഥേയരായ കോഴിക്കോട്‌ ആറു പോയിന്റുമായി ഒൻപതാമതാണ്‌.

ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലെ ശ്രീഹരി കരിക്കൻ മീറ്റ്‌ റെക്കോർഡ്‌ സ്ഥാപിച്ചു. 47.84 സെക്കൻഡിലാണ് നേട്ടം. 2017ൽ കോതമം​ഗലം മാർ ബേസിൽ സ്കൂളിലെ അഭിഷേക് മാത്യു സ്ഥാപിച്ച 48.88 സെക്കൻഡിന്റെ റെക്കോഡാണ് ശ്രീഹരി മറികടന്നത്. 400 മീറ്റർ ഹർഡിൽസിൽ നിലവിൽ മീറ്റ് റെക്കോഡുള്ളത് ശ്രീഹരിയുടെ പേരിലാണ്. കഴിഞ്ഞ കായികമേളയിലാണ് ഹർഡിൽസിൽ ശ്രീഹരി ചരിത്രമെഴുതിയത്.

3000 മീറ്ററിൽ പാലക്കാടിന്റെ ആധിപത്യം ആയിരുന്നു. നാല് ഫൈനലുകളിൽ മൂന്നും പാലക്കാട് നേടി. സ്‌കൂളുകളിൽ ഒമ്പത്‌ പോയിന്റോടെ ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ ജിഎച്ച്‌എസ്‌എസ്‌ ആണ്‌ മുന്നിൽ. ബുധനാഴ്ച 19 ഫൈനലുകൾ നടക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു