കോഴിക്കോട്

ഒളവണ്ണയിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി പിടിയിൽ

കോഴിക്കോട് | ഒളവണ്ണ ഒടുമ്പ്രയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒടുമ്പ്ര ബസാറിന് സമീപം താനിയിൽ പറമ്പ് ബൈഗേഷ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവണ്ണൂർ സ്വദേശിയായ ഗോകുലം വീട്ടിൽ മനീഷിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്‌ടോബർ 27ന് രാത്രി 11.30ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒളവണ്ണ ഒടുമ്പ്ര ബസാറിന് സമീപമുള്ള പ്രദേശത്തുവച്ചാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ പരസ്‌പരം ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി മനീഷ് കൈയിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ബൈഗേഷിൻ്റെ കഴുത്തിൽ അതിക്രൂരമായി കുത്തുകയായിരുന്നു.

അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈഗേഷ് സംഭവസ്ഥലത്തു വച്ചു തന്നെ കുഴഞ്ഞു വീണു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാവിനെ കണ്ടത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് സാരമായി പരിക്കേറ്റ ബൈഗേഷിനെ ഉടൻ തന്നെ പരിസരത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കൊലപാതക വിവരം അറിഞ്ഞ് നല്ലളം പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി നല്ലളം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ പോയ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് ഒളിത്താവളം കണ്ടെത്തിയത്. മീഞ്ചന്തക്ക് സമീപം തിരുവച്ചിറയിൽ മനീഷ് ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. തിരുവച്ചിറ ക്ഷേത്രക്കുളത്തിന് സമീപത്തു വച്ച് അതിവിദഗ്‌ധമായാണ് പൊലീസ് മനീഷിനെ കസ്റ്റഡിയിൽ എടുത്തത്.

പിടിയിലായ പ്രതിയെ നല്ലളം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇരുവരും തമ്മിൽ നേരത്തെ ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് വാക്കുതർക്കത്തിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം.

പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുന്നതിനായി പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന സ്ഥലം പൊലീസ് സീൽ ചെയ്‌ത് സുരക്ഷിതമാക്കിയിട്ടുണ്ട്. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും.

സംഭവവുമായി ബന്ധപ്പെട്ട് നല്ലളം പൊലീസിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുള്ള ഊർജിതമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. കുത്തേറ്റ് മരിച്ച ബൈഗേഷിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും. തുടർന്ന് പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രദേശത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു