ഇന്ത്യ

മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസ് സ്വർണം നേടിയ നീരജ് യാദവിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി | ഇന്ത്യയുടെ പ്രമുഖ പാരാ അത്‌ലറ്റ് നീരജ് യാദവിനെ (42) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ താരമാണ്. നീരജ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ പാരാ അത്ലറ്റിക്‌സ് പരിശീലകൻ എസ്. സത്യനാരായണയാണ് നീരജ് യാദവിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. പാരലിമ്പിക് ചാമ്പ്യൻ സുമിത് ആന്റിലും സഹ അത്ലറ്റ് വിപിൻ കസാനയും ആശുപത്രിയിലുണ്ട്.

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് ലഭിച്ച സസ്പെൻഷൻ കാരണം ഐച്ചി-നാഗോയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസ് നഷ്ടമായതിനെത്തുടർന്ന് നീരജ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ഒക്ടോബറിൽ ബെംഗളൂരുവിലെ എസ്എഐ സെന്ററിൽ വെച്ച് നാഡ ശേഖരിച്ച മത്സരയിതര സാമ്പിളിൽ 'സ്റ്റാനോസോലോൾ' എന്ന അനാബോളിക് സ്റ്റിറോയിഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് 2023 നവംബറിൽ ആന്റി-ഡോപ്പിങ് നിയമലംഘനം ആരോപിക്കപ്പെടുകയും 2024-ൽ നീരജ് താത്കാലിക സസ്പെൻഷനിലാവുകയും ചെയ്തു.

എന്നാൽ മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ ഇതുവരെ ഔദ്യോഗികമായി വ്യക്തമായിട്ടില്ല. കായികതാരങ്ങൾ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ സമചിത്തതയോടെ നേരിടണമെന്നും, നീരജ് ഇത്രയും തീവ്രമായ ഒരു തീരുമാനം എടുത്തത് നിർഭാഗ്യകരമാണെന്നും പരിശീലകൻ സത്യനാരായണ അഭിപ്രായപ്പെട്ടു.

ഏഴാം വയസിൽ 'പോസ്റ്റ്-പോളിയോ റെസിഡ്യുവൽ പാരാലിസിസ്' ബാധിച്ച നീരജ്, എഫ്55 വിഭാഗത്തിലാണ് ജാവലിൻ, ഡിസ്‌കസ് ത്രോ മത്സരങ്ങളിൽ പങ്കെടുത്തത്. സീറ്റഡ് ത്രോയിങ് ഇനങ്ങളാണ് എഫ്55 വിഭാഗത്തിൽ ഉൾപ്പെടുന്നത്.

ഉത്തർപ്രദേശ് സ്വദേശിയായ നീരജ്, 2018 ജക്കാർത്ത ഏഷ്യൻ പാരാ ഗെയിംസിലും 2022 ഹാങ്ചൗ ഏഷ്യൻ പാരാ ഗെയിംസിലും ജാവലിൻ ത്രോയിൽ സ്വർണ നേടിയിരുന്നു. കൂടാതെ ഹാങ്ചൗവിൽ ഡിസ്‌കസ് ത്രോയിലും അദ്ദേഹം സ്വർണം കരസ്ഥമാക്കി. പാരാ അത്ലറ്റിക്‌സിലേക്ക് എത്തുന്നതിന് മുൻപ്, 2005 മുതൽ 2012 വരെ അദ്ദേഹം വീൽചെയർ ടെന്നീസ് താരമായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു