പന്തീരാങ്കാവിൽ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ പവർബാങ്ക് കത്തി അഗ്നിബാധ; മുൻ സീറ്റ് പൂർണമായി കത്തിനശിച്ചു
പന്തീരാങ്കാവ് | ദേശീയപാത മാമ്പുഴ പാലത്തിനു സമീപം നിർത്തിയിട്ട കാറിൽ അഗ്നിബാധ. ഡിക്കാത്തലൺ ഷോറൂമിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഉച്ചയോടെ തീ കണ്ടത്. തുറന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ മുൻ സീറ്റിൽ വച്ചിരുന്ന പവർബാങ്ക് ചൂട് പിടിച്ച് കത്തുകയായിരുന്നു. മുൻ സീറ്റ് മുഴുവനായും കത്തി നശിച്ചു. കാറിന്റെ സീലിങ് വരെ തീയും പുകയും ഉയർന്നു.
മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫിസർ പി.കെ.ശരത്തിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. ഷോറൂം മാനേജരും സെക്യൂരിറ്റി ജീവനക്കാരനും ഉടൻ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണച്ചു. വെസ്റ്റ്ഹിൽ സ്വദേശി ജിൻസുവാണ് കാർ ഉടമ.
