കേരളം

എൽപിഎസ്ടി സമരം: നിരാഹാരമനുഷ്ഠിച്ച വളർമതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം

തിരുവനന്തപുരം | സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തിയിരുന്ന എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരസമിതി കൺവീനർ വളർമതിയെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സമരക്കാരും എ.ബി.വി.പി പ്രവര്‍ത്തകരും പൊലീസിനെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. നേരത്തേ സ്ഥലത്തെത്തി പരിശോധന നടത്തിയ ആർ.എം.ഒ. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വളർമതിയുടെ ആരോഗ്യനില മോശമാണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് അവര്‍ നിരാഹാരസമരം തുടരുകയായിരുന്നു.

എ.സി.പി, ഡി.സി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് ഉച്ചയോടെ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ സമരപ്പന്തലില്‍ എത്തി വളര്‍മതിയെ ബലമായി സ്‌ട്രെച്ചറിലേക്ക് മാറ്റി ആംബുലന്‍സിൽ കയറ്റി കൊണ്ടുപോയത്. പ്രതിഷേധക്കാരും സമീപത്തു പിഎസ് സിക്കെതിരെ സമരം നടത്തിയിരുന്ന എ.ബി.വി.പിക്കാരും പൊലീസിനെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വളര്‍മതിയുടെ ജീവനു ഭീഷണിയുള്ളതുകൊണ്ടാണ് അവരെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു

നേരത്തെ, സമരത്തിൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. വളര്‍മതിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മുപ്പതോളം പേരാണ് സമരപ്പന്തലില്‍ ഉണ്ടായിരുന്നതെങ്കിലും 58 പേര്‍ക്കെതിരെ കേസുണ്ട്. ഇതിൽ കണ്ടാലറിയാവുന്ന എട്ടുപേരും അല്ലാത്ത 50 പേരുമാണുള്ളത്. സമരത്തിനിടെ വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സെക്രട്ടേറിയറ്റിന്റെ ഗേറ്റിനു മുന്നില്‍ മുദ്രാവാക്യം വിളിക്കുകയും പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്‌.ഐ.ആറില്‍ പറയുന്നത്.

അതേസമയം, കേസിൽ ആരോപിക്കുന്ന പോലെ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയിട്ടില്ലെന്ന് വളര്‍മതി പ്രതികരിച്ചു. സുരക്ഷക്ക് എന്നു പറഞ്ഞ് പേരുകള്‍ വാങ്ങിയ ശേഷം പൊലീസ് എഫ്‌.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതാണ്. എന്തിനാണ് ഇത്തരത്തില്‍ കള്ളത്തരം കാണിക്കുന്നത്. യൂനിവേഴ്‌സിറ്റി കോളജില്‍ കലാപമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തവരാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും വളര്‍മതി വിമർശിച്ചു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ സെക്രട്ടറിയറ്റിനു മുന്നിലെ സമരങ്ങളെ പിന്തുണച്ചവരാണ് ഇപ്പോള്‍ സമരത്തിനെതിരെ നീങ്ങുന്നത്. സെക്രട്ടേറിയറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. സമരത്തില്‍ നിന്നു പിന്മാറില്ല. വിദ്യാര്‍ഥി -അധ്യാപക അനുപാതം കുറക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും വളര്‍മതി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു