68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശക്കൊടിയിറക്കം; ആതിഥേയരായ കോഴിക്കോട് 825 പോയിന്റോടെ അഞ്ചാമത്
കോഴിക്കോട് | ഏഴു നാൾ നീണ്ട കായികപ്പോരാട്ടങ്ങൾക്ക് ആവേശത്തിന്റെ ആരവങ്ങളോടെ കൊടിയിറക്കം. ട്രാക്കിലും ഫീൽഡിലും പോരാട്ടവീര്യം തീർത്ത കൗമാരതാരങ്ങൾ സമാപനച്ചടങ്ങിലും ആവേശം വാനോളമുയർത്തി. വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും ബാൻഡ് മേളവും മൈതാനത്തെ ആഘോഷത്തിമിർപ്പിലാക്കി. കേരളത്തിന്റെ കായികഭാവി അടയാളപ്പെടുത്തിയ 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ആവേശകരമായ യാത്രയയപ്പ് നൽകി. ആതിഥേയരായ കോഴിക്കോട് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 66 സ്വർണവും 85 വെള്ളിയും 117 വെങ്കലവും ഉൾപ്പെടെ 825 പോയിന്റാണ് നേട്ടം. ഗെയിംസ് ഇനങ്ങളിൽ 755 പോയിന്റും അത്ലറ്റിക്സിൽ 69 പോയിന്റും അക്വാട്ടിക്സിൽ ഒരു പോയിന്റും ഗെയിംസ് ഇങ്ങളിൽ 755 പോയിന്റും നേടി. വ്യക്തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലും ജില്ലയിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.
എൻ.ഐ.ടി മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സായിരുന്നു മേളയുടെ പ്രധാന വേദി. ഇതിന് പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ പത്തോളം വേദികളിൽ മത്സരങ്ങൾ നടന്നു. അത്ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ബേസ്ബോൾ തുടങ്ങി വിവിധ കായിക ഇനങ്ങളിൽ പതിനായിരത്തോളം താരങ്ങൾ മാറ്റുരച്ചു. പരിശീലകരും ഒഫീഷ്യലുകളും സന്നദ്ധപ്രവർത്തകരും കാണികളുമുൾപ്പെടെ ആയിരങ്ങളാണ് മേളയുടെ ഭാഗമായത്.
പരിമിതികളെ മറികടന്ന് മത്സരത്തിനിറങ്ങിയ ഭിന്നശേഷി താരങ്ങളും അവസാന നിമിഷംവരെ പൊരുതിയ കൗമാരപ്രതിഭകളും മേളയുടെ ശ്രദ്ധാകേന്ദ്രങ്ങളായി. വിജയത്തിന്റെ ആഹ്ലാദവും നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായതിന്റെ നിരാശയും റെക്കോഡ് പ്രകടനങ്ങളുടെ വിസ്മയവുമെല്ലാം ഓരോ ദിവസത്തെയും മത്സരങ്ങൾക്ക് ആവേശം പകർന്നു. കായികമേളയുടെ മത്സരവേദികൾക്കൊപ്പം ഭക്ഷണശാലയും കാണികളുടെ തിരക്കും കോഴിക്കോടിന്റെ ആതിഥേയത്വവും ശ്രദ്ധിക്കപ്പെട്ടു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഭക്ഷണശാലയിൽ ദിവസവും ആയിരത്തിലേറെ പേർ ഭക്ഷണം കഴിക്കാനെത്തി. ഉദ്ഘാടന ദിവസത്തെ പായസമുൾപ്പെടെ കായികതാരങ്ങൾക്കായി പോഷകസമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയത്. അതേസമയം മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരാതികളും സംഘാടനത്തിലെ വെല്ലുവിളികളായി.
