ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; പകൽ കൊതുകുകടി കൊള്ളാതെ ശ്രദ്ധിക്കണം
കോഴിക്കോട് | ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. ഈ മാസം 24 വരെ 136 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 385 പേരാണ് രോഗം ബാധിച്ചെന്ന സംശയത്തോടെ ചികിത്സ തേടിയത്.
24ന് 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ 5 പേരും ഒളവണ്ണയിൽ നിന്നുള്ളവരാണ്. വേളം, കുണ്ടുതോട്, പെരുവയൽ, പെരുമണ്ണ, നരിക്കുനി, കക്കോടി, കല്ലായി എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. 24ന് 31 പേർക്കാണ് രോഗബാധ സംശയമുള്ളത്. നഗര പരിധിയിലും ഗ്രാമങ്ങളിലുമായി വിവിധ സ്ഥലങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്ന ഈഡിസ് വിഭാഗത്തിൽ പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്.
ഇടവിട്ടുള്ള മഴ: ജാഗ്രത വേണം
വീടുകളിലും പരിസരങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, ഉപയോഗശൂന്യമായ ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടികൾ, വെള്ളം ശേഖരിക്കുന്ന മറ്റു പാത്രങ്ങൾ എന്നിവയിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കണമെന്ന് ഡിഎംഒ ഡോ. വി.പി.രാജേഷ് പറഞ്ഞു.
പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. കൊതുകുകടി ഏൽക്കാതിരിക്കാൻ പകൽ പ്രത്യേകം ശ്രദ്ധിക്കണം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവലയും കൊതുകുനിവാരണ മാർഗങ്ങളും ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം.
