മുംബൈ ക്രൈം ബ്രാഞ്ചാണെന്ന് അവകാശപ്പെട്ട് ഫോൺ കോൾ; കോഴിക്കോട്ട് വീട്ടമ്മയുടെ 1.35 കോടി രൂപ തട്ടിയെടുത്തതായി പരാതി
കോഴിക്കോട് | മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന വ്യാജേന 57 വയസ്സുകാരിയായ വീട്ടമ്മയിൽനിന്ന് 1.35 കോടി രൂപ തട്ടി. കഴിഞ്ഞ മാസം 22 മുതൽ ഈ മാസം 15 വരെ രണ്ടു നമ്പറുകളിൽനിന്ന് വാട്സ്ആപിലൂടെ നിരന്തരം വിളിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
താങ്കളുടെ പേരിൽ സിംകാർഡ് എടുത്ത് രാജ്യത്തെ വിവിധയിടങ്ങളിൽ സൈബർ തട്ടിപ്പിലൂടെ പണം തട്ടിയെന്നായിരുന്നു സംഘം കുതിരവട്ടം സ്വദേശിയായ വീട്ടമ്മയെ ധരിപ്പിച്ചത്. തട്ടിപ്പ് പണം വീട്ടമ്മയുടെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ടെന്നും ഈ പണം ആർബിഐയുടെ പരിശോധനയ്ക്കായി നൽകണമെന്നും സംഘം ആവശ്യപ്പെട്ടു.
ശേഷം മുതലും പലിശയും സഹിതം തിരികെ തരാമെന്നും ഇവർ അറിയിച്ചു. തുടർന്ന് വീട്ടമ്മയുടെ മൂന്ന് അക്കൗണ്ടുകളിൽനിന്നായി 1,35,14000 രൂപ സംഘം തട്ടി. 13 ഇടപാടുകളിലൂടെയാണ് വീട്ടമ്മ പണം കൈമാറിയത്. നടന്നത് തട്ടിപ്പാണെന്ന് ബോധ്യമായതോടെ പിന്നീട് ഇവർ കോഴിക്കോട് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ഭാരതീയ ന്യായ് സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. വീട്ടമ്മയെ ബന്ധപ്പെട്ട രണ്ടു ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻസ്പെക്ടർ വി. അനീഷിനാണ് അന്വേഷണ ചുമതല.
വാട്സ്അപ് വഴി കോളുകൾ വന്നതിനാൽ മെറ്റയുമായി ബന്ധപ്പെട്ട് ഐപി അഡ്രസ് ശേഖരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സൈബർ പോലീസ് അറിയിച്ചു. യുപി, അസം, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾ വഴിയാണ് പ്രതികൾ പണം പിൻവലിച്ചിരിക്കുന്നതെന്നും പോലീസ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ബാങ്കുകളുമായി ബന്ധപ്പെട്ട് കെ.വൈ.സി ഉൾപ്പെടെ ശേഖരിക്കുന്ന നടപടിയിൽ പുരോഗമിക്കുകയണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
