മുളച്ചുപൊന്തി അനധികൃത സ്പാകൾ; പൂട്ടാനൊരുങ്ങി പൊലീസ്
കോഴിക്കോട് | മതിയായ രേഖകളില്ലാതെ കോഴിക്കോട് നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്നത് നിരവധി സ്പാകൾ. വ്യാപകമായ പരാതിയെതുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന വ്യാപകമാക്കി. എഴുപതോളം കേന്ദ്രങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. നാല് പേർ അറസ്റ്റിലായി. നഗരത്തിലെ ഇലക്ട്രിക് പോസ്റ്റുകളിലടക്കം സ്പാ എന്ന് വെള്ള പേപ്പറിലടക്കം എഴുതിയൊട്ടിച്ച് പരസ്യം ചെയ്തായിരുന്നു പല അനധികൃത സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നത്. ഫോൺ നമ്പർ മാത്രമാണ് പല പരസ്യങ്ങളിലും കൊടുത്തിരുന്നത്. കൃത്യമായ വിലാസമില്ലാത്തതു തന്നെ അനധികൃത പ്രവർത്തനത്തിന്റെ സൂചനയാണെന്ന് അറിഞ്ഞിട്ടും പൊലീസ് പരിശോധനന വെെകിയതിനെ തുടർന്നാണ് വ്യാപക പരാതിയുയർന്നത്. വലിയ തുകയാണ് ഇത്തരം മസാജ് സെന്ററുകളിൽ ഈടാക്കിയിരുന്നത്.
പരിശോധനയുടെ ഭാഗമായി എലത്തൂർ, കസബ, കോഴിക്കോട് ടൗൺ, നടക്കാവ് പൊലീസ് സ്റ്റേഷനുകളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മതിയായ രേഖകളില്ലാത്ത 20 മസാജ് സെന്ററുകൾ പൂട്ടിച്ചു. ആറെണ്ണത്തിന് പൂട്ടാനുള്ള നോട്ടീസ് നൽകി. നഗരത്തിലെ സ്പാകളുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമാണോ എന്നാണ് പ്രധാനമായും പൊലീസ് പരിശോധിച്ചത്. ആവശ്യമായ ലൈസൻസുകളും മറ്റ് അനുമതികളും ഉണ്ടോയെന്നും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അനുവദനീയമായ പ്രവർത്തനങ്ങളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സ്പാകളാണ് അധികവുമെന്ന് പൊലീസ് കണ്ടെത്തി. ഇവയ്ക്കെതിരെയും നടപടി കടുപ്പിക്കും.
സ്പാകളിൽ എത്തുന്നവരും കുടുങ്ങും
സ്പാകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്ത് നൽകണമെന്ന് സ്ഥാപനങ്ങൾക്ക് പൊലീസ് നിർദ്ദേശം നൽകി. ആവശ്യമായ രേഖകളും ലൈസൻസുകളുമില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയുണ്ടാകും. ഇത്തരം സ്ഥാപനങ്ങളിൽ മസാജിന് വരുന്നവരും കുടുങ്ങിയേക്കും. സ്പാകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാർ മാത്രമല്ല, കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുന്നവരും നിയമനടപടികൾ നേരിടേണ്ടിവരും.
