കേരളം

പയ്യന്നൂർ ധനരാജ് വധം: ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവർ കുറ്റക്കാർ; മറ്റ് 16 പ്രതികളെയും കോടതി വെറുതെ വിട്ടു

കണ്ണൂര്‍ | പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി. ആദ്യ മൂന്നു പ്രതികളായ ടി.പി ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാര്‍. വൈശാഖും വിപിനും സഹോദരങ്ങളാണ്. മറ്റ് 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികള്‍. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആകെ 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടിരുന്നു. കുറ്റക്കാരായ പ്രതികള്‍ക്ക് മറ്റന്നാള്‍ ശിക്ഷ വിധിക്കും.

സിപിഎം പ്രവര്‍ത്തകനായിരുന്ന സി.വി ധനരാജിനെ 2016 ജൂലൈ 11നാണ് വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ടു ബൈക്കുകളിലായി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വീട്ടിലെ സമീപത്ത് വെച്ച് വെട്ടുകയായിരുന്നുവെന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പുറകു വശത്തുവെച്ച് വെട്ടി വീഴ്ത്തി. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം.

രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരായ 20 പേര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. 2016 ജൂണ്‍ 25ന് കക്കമപാറ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപവും, പിന്നീട് പയ്യന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്തു വെച്ചും രണ്ട് ഘട്ടങ്ങളിലായി ഗൂഢാലോചന നടന്നതായാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

എന്നാല്‍, ഗൂഢാലോചന നടത്തിയതിന് തെളിവ് നല്‍കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു