വൈദ്യുതി ബില്ല് അടച്ചില്ലെന്നാരോപിച്ച് മാതാവിന് ക്രൂരമർദനം; ഇരിങ്ങണ്ണൂർ സ്വദേശിയായ മകനെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട് | വൈദ്യുതി ബില്ല് അടച്ചില്ലെന്നാരോപിച്ച് മാതാവിനെ ക്രൂരമായി മർദിച്ച മകനെതിരെ പൊലീസ് കേസെടുത്തു. ഇരിങ്ങണ്ണൂർ സ്വദേശി പോത്തേരി വീട്ടിൽ യാസറിനെതിരെയാണ് മാതാവ് നൽകിയ പരാതിയിൽ കേസെടുത്തത്. ബില്ല് അടയ്ക്കാത്തതിന് കെഎസ്ഇബി ഓഫീസിൽ നിന്ന് വിളിച്ച് പരിഹസിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം.
മർദിക്കുകയും കഴുത്തിൽ പിടിച്ച് തല ചുവരിൽ ഇടിക്കുകയും ഹാളിലേക്ക് തള്ളിയിടുകയും ചെയ്തുവെന്നാണ് യാസറിനെതിരെ മാതാവ് നൽകിയ പരാതിയിൽ പറയുന്നത്. വയറ്റിൽ ചവിട്ടിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. യാസറിന്റെ ആക്രമണത്തിൽ പരിക്കേറ്റ മാതാവ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം ഒളിവിൽ പോയ യാസറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
