പുതിയ വാർത്തകൾ
24 നവം 2026, 7:25 pm
കോഴിക്കോട്

സ്വകാര്യ ബസുകളുടെ നിയന്ത്രണം ഏജന്റുമാരുടെ കൈകളിൽ; ഡ്രൈവർ ആരാണെന്ന് പോലും ഉടമകൾക്ക് അറിയില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ

കോഴിക്കോട് | സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങളും മത്സരയോട്ടവും നടുറോഡിലെ കയ്യാങ്കളിയിൽ എത്തുന്നത് പതിവാകുന്നു. നടുറോഡിൽ ജീവനക്കാർ തമ്മിൽത്തല്ലുന്നത് പതിവായതോടെ യാത്രക്കാരുടെ സുരക്ഷയും ഭീഷണിയിയിലാണ്. ഇത്തരത്തിലുള്ള തർക്കമാണ് കഴിഞ്ഞ ദിവസം സർവീസ് കഴിഞ്ഞ് രാത്രിയിൽ നിർത്തിയിട്ട ബസ് തകർക്കുന്ന സംഭവത്തിലേക്കു എത്തിയത്.

നടത്തിപ്പിന് ഉടമയില്ല; പകരം ഏജന്റ്
ബസ് ഉടമകൾ ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തിയിരുന്ന രീതിയല്ല ഇപ്പോൾ. ബസുകളുടെ ദൈനംദിന നടത്തിപ്പും ജീവനക്കാരെ നിയമിക്കുന്നതും ഇടനിലക്കാരായ ഏജന്റുമാരാണ്. ബസുകളിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇവരാണ്. ജീവനക്കാർ അവധിയെടുത്താൽ പകരം ആളെ എത്തിക്കുന്നത് ഏജന്റുമാരാണ്. താൽക്കാലിക ജീവനക്കാരുടെ സ്വഭാവമോ അവരുടെ പശ്ചാത്തലമോ ഒന്നും ബസ് ഉടമകൾക്ക് പോലും അറിയാത്ത സാഹചര്യമാണ്. നിയമലംഘനങ്ങൾക്ക് പിടിയിലാകുന്ന പല ബസുകളുടെയും ഉടമകളെ വിളിക്കുമ്പോൾ ഡ്രൈവർ ആരാണെന്ന് പോലും അവർക്ക് അറിയില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറയുന്നത്. ലൈസൻസ് സസ്‌പെൻഡ് ചെയ്താലും ഏജന്റുമാർ വഴി മറ്റൊരു ഡ്രൈവറെ വച്ച് ബസ് സർവീസ് തുടരുന്നതിനാൽ ശിക്ഷാ നടപടികൾ ഫലപ്രദമല്ല.

ടൂവീലർ കണ്ണിൽ പിടിക്കില്ല; നടക്കുന്നോർക്കെന്തിനാ റോഡ്!
ബസുകളുടെ മത്സരയോട്ടം മൂലം റോഡിലിറങ്ങാൻ ഭയക്കേണ്ട അവസ്ഥയാണ്. ഉച്ചത്തിൽ ഹോൺ അടിക്കുക, തൊട്ടുരുമ്മി ബസ് നിർത്തി ഭയപ്പെടുത്തുക തുടങ്ങിയവ പതിവാണ്. അമിത വേഗം ചോദ്യം ചെയ്യുമ്പോൾ ഇരുചക്രവാഹന, കാർ ഉടമകളെ തെറിവിളിക്കുന്നതും പിന്നീട് കയ്യാങ്കളിയാകുന്നതും പതിവ്. ചെറിയ വാഹനങ്ങളിൽ ഇടിച്ചശേഷം ബസ് നിർത്താൻ പോലും തയാറാകുന്നില്ലെന്ന പരാതിയുമുണ്ട്. പലയിടങ്ങളിലും റോഡ് മുറിച്ചു കടക്കാൻ പ്രായമായവർ അടക്കം പ്രയാസപ്പെടുന്നതു പരിഗണിക്കാതെ അമിത വേഗത്തിലെടുക്കുന്നതും കാണാം.

അശാസ്ത്രീയ ഇടവേളയും ഗതാഗതക്കുരുക്കും
അശാസ്ത്രീയമായി പെർമിറ്റ് അനുവദിക്കുന്നതാണ് മത്സരയോട്ടത്തിന് വഴിവയ്ക്കുന്നതെന്നാണു ജീവനക്കാരുടെ വാദം. സമയക്രമം തെറ്റുന്നതോടെ പിന്നാലെ വരുന്ന ബസിലെ ജീവനക്കാരുമായി തർക്കമാകുന്നു. പോരാത്തതിനു വഴിയിലെ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന പ്രതിസന്ധികളുമുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു