കോഴിക്കോട്

കൂറ്റിക്കാട്ടൂരിൽ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; പിതാവ് നിരന്തരം മർദിച്ചു, മർദ്ദന വിവരം അമ്മയും മറച്ചു വെച്ചു

കോഴിക്കോട് | കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനേയും അമ്മയേയും അറസ്റ്റു ചെയ്ത് പോലീസ്. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. സുഖമില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് മർദനത്തിനിരയായാണ് മരിച്ചത് എന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസിന്റെ നടപടി.

കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വന്നെന്നും പറഞ്ഞായിരുന്നു നാലുമാസം പ്രായമായ പെൺകുഞ്ഞിനെ രക്ഷിതാക്കൾ പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കുഞ്ഞിനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയപ്പോൾതന്നെ മരണത്തിൽ ദുരൂഹത സംശയിച്ചിരുന്നു. കുഞ്ഞിന്റെ മാതാവായ അഞ്ജനയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഭർത്താവ് നിരന്തരം കുഞ്ഞിനെ മർദിക്കാറുണ്ടെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. സമാനമായ മൊഴി അഞ്ജന മജിസ്‌ട്രേറ്റിന് മുൻപിലും നൽകിയിരുന്നു.

തുടർന്ന് ഇരുവരെയും പ്രതി ചേർത്ത് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോയത്. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പിതാവിനെതിരെ ചുമത്തിയിരിക്കുന്നത്. മർദനത്തിന്റെ വിവരം മറച്ചുവെച്ചു എന്ന കുറ്റമാണ് മാതാവിനെതിരെയുള്ളത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു