കോഴിക്കോട്

രാമനാട്ടുകര കിൻഫ്ര പാർക്കിന്റെ രണ്ടാംഘട്ട വികസനം; സർക്കാരിന്റെ മുന്തിയ പരിഗണനയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

ഫറോക്ക് | രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക് (നോളജ് പാർക്ക്) വികസനത്തിനു മുന്തിയ പരിഗണന നൽകുമെന്നും കിൻഫ്രയുടെ കീഴിലെ ബേപ്പൂർ മറൈൻ പാർക്ക് പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉറപ്പു നൽകിയതായി പി.എ.മുഹമ്മദ് റിയാസ് എംഎൽഎ അറിയിച്ചു.

നിയമസഭയിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായാണു മന്ത്രിയുടെ പ്രതികരണം.

ഐടി, ഐടി ഇതര സംരംഭങ്ങൾക്കായി നോളജ് പാർക്ക് നിർമിക്കാൻ രാമനാട്ടുകരയിൽ 78 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനു മാത്രം നേരത്തെ സർക്കാർ 250 കോടിയോളം രൂപ ചെലവിട്ടിരുന്നു.

ആദ്യഘട്ടം 45 കോടി രൂപ ചെലവിട്ട് ബഹുനില കെട്ടിടം നിർമിച്ച് ഐടി സംരംഭങ്ങൾ തുടങ്ങുകയും ചെയ്തു. പാർക്കിന്റെ രണ്ടാംഘട്ട വികസനം ആരംഭിക്കേണ്ടത് അനിവാര്യമാണ്. പുതിയ കാലത്ത് രാമനാട്ടുകര കിൻഫ്ര പാർക്കിന് അനന്തമായ സാധ്യതകളുണ്ട്.

വിശാലമായ സ്ഥല സൗകര്യങ്ങൾ ഉള്ളതിനാലാണു വിഷയം സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവന്നത്. മലബാറിലെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രമായ ബേപ്പൂർ ഫിഷിങ് ഹാർബറിനെ ബന്ധിപ്പിച്ചു മാറാട് സ്ഥിതി ചെയ്യുന്ന കിൻഫ്ര മറൈൻ പാർക്ക് വികസനവും തീരമേഖലയിൽ സുപ്രധാന പദ്ധതിയാണ്.

ഇരുപദ്ധതികളോടും വ്യവസായ മന്ത്രി നിലവിൽ അനുകൂലവും പ്രതീക്ഷ നൽകുന്നതുമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നതെന്ന് പി.എ.മുഹമ്മദ് റിയാസ് എംഎൽഎ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു