കേരളം

കോവളത്തെ സ്പാ പീഡനക്കേസ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപ് അറസ്റ്റില്‍

തിരുവനന്തപുരം | കോവളത്തെ സ്പാ പീഡനക്കേസില്‍ ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപ് അറസ്റ്റില്‍. സ്പാ ഇയാളുടെ ബിനാമി സ്ഥാപനമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് നീക്കം. സ്പായില്‍ നിന്നുള്ള വരുമാനം കൈകാര്യം ചെയ്തിരുന്നത് അനുരൂപാണെന്നും പൊലീസ് കണ്ടെത്തി. പിന്നാലെ, അനുരൂപിനെ ചുമതലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മേയര്‍ അറിയിച്ചു.

16 വയസുകാരിയായ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചത് കേസില്‍ മുൻപ് അറസ്റ്റിലായ സ്പാ ഉടമ സജിത്താണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബംഗളൂരുവിലുള്ള ഒരു യുവതിയാണ്. തുടര്‍ന്ന് സജിത്തും യുവതിയും ചേര്‍ന്ന് കുടുംബത്തെ കോവളത്ത് എത്തിക്കുകയായിരുന്നെന്നാണ് വിവരം. കുട്ടിയെ ചെന്നൈയിലും മറ്റും കൊണ്ടുപോയി ലൈംഗികചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പൊലീസിന്റെ കണ്ടെത്തലിലുണ്ട്. സിഡിആര്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപും പിടിയിലാകുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

16 വയസുകാരിയുടേത് മനുഷ്യക്കടത്താണെന്നും പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തതായും അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോവളത്തെ മൂന്ന് സ്പാകളില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആയുര്‍കേരള, ഡാലിയ ഹോം, കേരള ആയുര്‍വേദ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങള്‍ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു