പാലക്കാട് പിഞ്ചുകുഞ്ഞുങ്ങളെ മുക്കിക്കൊന്ന സംഭവം: അമ്മ നിവേദ്യയുടെ ആൺസുഹൃത്ത് എ.മാർട്ടിൻ ഇഗ്നേസിയസ് അറസ്റ്റിൽ
പാലക്കാട് | പാലക്കാട് അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ അമ്മ കുളിമുറിയിലെ ടാങ്കിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ നിവേദ്യയുടെ ആൺസുഹൃത്തും അറസ്റ്റിൽ. മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ.മാർട്ടിൻ ഇഗ്നേസിയസ് (36) ആണ് അറസ്റ്റിലായത്. കൊലപാതകത്തിൽ ഒരാൾക്കു കൂടി പങ്കുണ്ടെന്ന സംശയത്തെ തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാർട്ടിൻ അറസ്റ്റിലാകുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിൽ ഇയാളുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിവേദ്യയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് മറ്റൊരാളുടെ പങ്കിനെ കുറിച്ച് സൂചന ലഭിക്കുന്നത്.
വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റിഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29 നു രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലെ കുളിമുറിത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുങ്ങിമരണമാണെന്നായിരുന്നു നിഗമനം. മരണത്തിൽ സംശയമുണ്ടെന്നാരോപിച്ച് കുട്ടികളുടെ പിതൃസഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്നു തെളിഞ്ഞത്. തുടർന്ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്തതിൽ താൻ രണ്ടു കുട്ടികളെയും വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നു മൊഴി നൽകിയെങ്കിലും മറ്റു തെളിവുകളൊന്നും ഉണ്ടായിരുന്നില്ല.
