പുതിയ വാർത്തകൾ
01 നവം 2026, 2:33 pm
കോഴിക്കോട്

കോഴിക്കോട്ടെ തിരോധാന കേസുകൾ ചുരുളഴിച്ച 4 പൊലീസ് ഉദ്യോഗസ്ഥർക്ക് ‘കേന്ദ്രീയ ആഭ്യന്തരമന്ത്രി ദക്ഷതാപതക്കം’

കോഴിക്കോട് | അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ ‘കേന്ദ്രീയ ആഭ്യന്തരമന്ത്രി ദക്ഷതാപതക്കം’ 4 പൊലീസ് ഉദ്യോഗസ്ഥർക്ക്. നഗരത്തിലെ 2 പേരുടെ വർഷങ്ങളായുള്ള തിരോധാനം കൊലപാതകമാണെന്നു കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്ത മുൻ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, മുൻ സിറ്റി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ, മുൻ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ.ജിജീഷ്, മുൻ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് എന്നിവർക്കാണു പുരസ്കാരം.

എലത്തൂർ പൊലീസ് റജിസ്റ്റർ ചെയ്ത വിജിൽ തിരോധാന കേസിലെയും കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത ഹേമചന്ദ്രൻ തിരോധാന കേസിലെയും അന്വേഷണ മികവാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. ടി.നാരായണൻ നിലവിൽ തൃശൂർ മേഖലാ ഡിഐജിയും അരുൺ കെ.പവിത്രൻ കൊച്ചി ഡിസിപിയുമാണ്. പി.കെ.ജിജീഷ് നിലവിൽ കോഴിക്കോട് വിജിലൻസ് ഇൻസ്പെക്ടറും കെ.ആർ.രഞ്ജിത്ത് വളാഞ്ചേരി ഇൻസ്പെക്ടറുമാണ്.

സരോവരത്തെ ചതുപ്പിലേക്ക് നീണ്ട അന്വേഷണം
∙ വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ തിരോധാനത്തിൽ 2019 ഏപ്രിലിൽ ആണ് എലത്തൂർ പൊലീസ് കേസെടുത്തത്. വിജിലിന്റെ സുഹൃത്തുക്കളായ കെ.കെ.നിഖിൽ, സി.പി.ദീപേഷ് എന്നിവരെ അന്നു കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തെങ്കിലും തെളിവു ലഭിച്ചില്ല. 2025 ജനുവരിയിൽ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ കാണാതായ കേസുകൾ അന്വേഷിക്കാൻ കെ.ആർ.രഞ്ജിത്തിനു വീണ്ടും നിർദേശം നൽകിയതിനെ തുടർന്നാണു മുൻപു ചോദ്യം ചെയ്തവരെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്.

ഇവരിൽ നിന്നു ലഭിച്ച ചില സൂചനയെ തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണു ഇവർക്കു കേസിൽ പങ്കുണ്ടെന്നു വ്യക്തമായത്. ചോദ്യം ചെയ്യലിൽ സുഹൃത്തുക്കൾ വിജിലിനെ സരോവരം ചതുപ്പിൽ കെട്ടിത്താഴ്ത്തിയതായി വെളിപ്പെടുത്തി. തുടർന്നു 3 പ്രതികളെയും പിടികൂടി. ചതുപ്പിൽ നിന്നു കണ്ടെടുത്ത ഷൂ, അസ്ഥികൾ എന്നിവ പൊലീസ് കണ്ടെടുത്ത് നടത്തിയ ഡിഎൻഎ പരിശോധനയിൽ, അവ വിജിലിന്റേതാണെന്നു സ്ഥിരീകരിച്ചു.

ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്പാടിയിലെ വനത്തിൽ
∙ മെഡിക്കൽ കോളജിനു സമീപം മായനാടു നിന്ന് ഒന്നര വർഷം മുൻപ് കാണാതായ വയനാട് പൂമല ചെട്ടിമൂല വിനോദ് ഭവൻ സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതും 6 പ്രതികളെ പിടികൂടിയതും പി.കെ.ജിജീഷിന്റെ അന്വേഷണ മികവിലാണ്. ഹേമചന്ദ്രന്റെ മൃതദേവും കണ്ടെത്തി. തട്ടിക്കൊണ്ടുപോയി വയനാട് അതിർത്തിയോടു ചേർന്നുള്ള തമിഴ്നാട് ചേരമ്പാടി കാപ്പിക്കുടുക്ക വനത്തിനുള്ളിലാണ് ഹേമചന്ദ്രനെ കുഴിച്ചുമൂടിയത്.

മൂന്നു വർഷം മുൻപ് നഗരത്തിൽ നിന്നു കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിനെ കാണാതായ കേസിൽ ആദ്യ അന്വേഷണം ഇൻസ്പെക്ടർ പി.കെ.ജിജീഷിനായിരുന്നു. 3 മാസത്തെ അന്വേഷണത്തിനിടയിൽ ജിജീഷിനെ ചുമതലയിൽ നിന്നു മാറ്റി. തുടരന്വേഷണത്തിനായി രൂപീകരിച്ച എസ്ഐടി ടീമിൽ ജിജീഷിനെ ഉൾപ്പെടുത്തിയെങ്കിലും ചില കേന്ദ്രങ്ങളിൽനിന്ന് എതിർപ്പു വന്നതോടെ ജിജീഷിനെ കാസർകോട്ടേക്കു സ്ഥലം മാറ്റി. മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസ് ഇപ്പോൾ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു