രാജ്യത്തെ വിറപ്പിക്കുന്നത് യുവത്വമെന്ന് സാദിഖലി ശിഹാബ് തങ്ങൾ; യൂത്ത് ലീഗിന്റെ ആർജവം യുഡിഎഫിന് കരുത്തെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊച്ചി | ഹരിത പതാകയേന്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ യുവജന റാലിക്കും വൈറ്റ് ഗാർഡ് പരേഡിനും ഒപ്പം മറൈൻ ഡ്രൈവിൽ നടന്ന സമാപന സമ്മേളനത്തോടെ ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ പ്രമേയം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. അമേരിക്കയും ഇസ്രായേലും അടക്കമുള്ള ലോകത്തെ മുഴുവൻ അധികാരികളും വിറക്കുന്നത് പോലെ ഇന്ത്യയിലെ വലിയ ആളും വിറക്കുകയാണെന്നും രാജ്യത്തെ യുവത്വമാണ് വിറപ്പിക്കുന്നതെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും യൂത്ത് ലീഗ് പറയാനുള്ളത് പറയുകയും തിരുത്താനുള്ളത് തിരുത്തുകയും ചെയ്യും. യു.ഡി.എഫ് ഭരണത്തിലുള്ളപ്പോഴാണ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ട് സമരം ചെയ്തത്.
നേടേണ്ടത് നേടണമെങ്കിൽ പറയേണ്ടത് പറയേണ്ടി വരുമെന്ന് ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറഞ്ഞിട്ടുണ്ട്. ഭാഷാ സമരത്തിനെതിരെ സമരം ചെയ്ത് ഇടത് സർക്കാറിന്റെ തീരുമാനത്തെ തിരുത്തിച്ചു. അമേരിക്കക്കും ഇസ്രായേലിനും തിരുത്തേണ്ടി വന്നത് പോലെ ഇന്ത്യക്കും തിരുത്തേണ്ടി വരും. യുവാക്കൾ അരാഷ്ട്രീയവാദികളല്ലെന്നും അവരാണ് പോസിറ്റീവ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
മതേതര കേരളത്തിലെ സവിശേഷതകൾ നിലനിർത്താനുള്ള പോരാട്ടമാണ് യുവജനങ്ങൾ തുടരേണ്ടതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ഏകാധിപതികളും ഫാഷിസ്റ്റുകളും ചരിത്രത്തിൽ അറിയപ്പെടുന്നത് ഭീരുക്കളായിട്ടാണ്. അവർക്കെതിരെ പോരാടിയവരാണ് ചരിത്രത്തിലെ ധീരന്മാർ. ആ തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. യൂത്ത് ലീഗിന്റെ ശക്തിയും ആർജവവും ധൈര്യവും യു.ഡി.എഫിന് കൂടി മുതൽകൂട്ടാണ്. എല്ലാ മതസ്ഥരും മുസ് ലിം ലീഗിനെയും പാണക്കാട് തങ്ങളെയും ബഹുമാനിക്കുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ചിന്തിക്കുന്ന ജനത വന്നപ്പോൾ മാറ്റം വന്നുവെന്നും ആ മാറ്റമാണ് കേരളത്തിലും കണ്ടതെന്നും മുഖ്യപ്രഭാഷണം നടത്തിയ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് സർക്കാർ മികച്ച പ്രകടനം മുന്നോട്ട് വെച്ചപ്പോൾ അതുകണ്ട് അക്രമം അഴിച്ചുവിടുന്നു. കലഹരണപ്പെട്ട ആശയങ്ങളുമായി ചിലർ ഇപ്പോഴും നടക്കുകയാണ്. അവർ സർവകാലശാലകളിൽ അക്രമം തുടരുന്നു. ഭയന്നിട്ട് കുട്ടികൾ നാടുവിടുകയാണ്. അക്രമത്തിന്റെ കാലം കഴിഞ്ഞു. ആ പരിപ്പ് ഇനി വേവില്ല. ഉള്ളതും ഇല്ലാതാകുന്ന പതനത്തിലേക്കാണ് ഇടതുപക്ഷം പോകുന്നത്. -അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്കോ ഒരു സമൂഹത്തിനോ വേണ്ടിയല്ല നിലകൊള്ളുന്നതെന്നും ഭരണഘടനയെ തച്ചുടച്ചവര്‍ വീഴുന്ന കാലം വിദൂരമല്ലെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് എം. ഖാർഗെ പറഞ്ഞു. ദേശഭക്തി സർട്ടിഫിക്കറ്റ് നൽകാൻ ആർ.എസ്.എസ് ആരാണ്. കഴിഞ്ഞ 70 വർഷമായി ആർ.എസ്.എസിനെയും ബി.ജെ.പിയെയും പുറത്തുനിർത്തിയ കേരളത്തോട് നന്ദി പറയുന്നു.
യുവാക്കൾ ചരിത്രം വായിച്ചാൽ ആർ.എസ്.എസ് വ്യാജ സംഘടനയാണെന്ന് മനസ്സിലാവും. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുത്തവരും അവരില്‍ നിന്നു പെന്ഷന് വാങ്ങിയവരും ഇന്ന് ഇന്ത്യ ഭരിക്കുമ്പോള്‍ എങ്ങനെയാണ് ഇന്ത്യയില്‍ ജനാധിപത്യം വാഴുകയെന്ന് അദ്ദേഹം ചോദിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ്, ദേശീയ ഉപാധ്യക്ഷൻ അബ്ദുസമദ് സമദാനി തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളെ യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ കൂടി തീരുമാനിക്കും.
