കടലുണ്ടി വാവുത്സവം ഇന്ന്; കടലുണ്ടിയിലേക്ക് ജനപ്രവാഹം, സുരക്ഷയ്ക്കായി ശക്തമായ പൊലീസ് നിരീക്ഷണം
കടലുണ്ടി | വാവുത്സവ തിരക്കിലമർന്ന കടലുണ്ടിയിലേക്ക് ജനപ്രവാഹം.
വടക്കൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിയ്ക്കുന്ന കടലുണ്ടി വാവുത്സവം ഇന്ന് ആചാരപരമായി നടക്കും. പുരാതന ആചാരാനുഷ്ഠാനങ്ങൾക്ക് ഒരു മാറ്റവും വരുത്താതെ പാലിച്ചുവരുന്ന കടലുണ്ടിയിലെ പേടിയാട്ടു കാവിലാണ് ഉത്സവം നടക്കുന്നത്.
എല്ലാ വർഷവും മലയാളകലണ്ടറിലെ തുലാം മാസത്തിൽ കറുത്ത വാവിനാണ് ഉത്സവം നടക്കുന്നത്. ഈ ദിവസം കഴിയുന്നതും ചോതി നക്ഷത്രമാണ് വരുക. ചില വർഷത്തിൽ നാളിൽ ചില മാറ്റങ്ങൾ വരാറുണ്ട്. പക്ഷെ ഉത്സവം കറുത്ത വാവു ദിവസം മാത്രമാണ്.പേടിയാട്ടുകാവിൽ ഭഗവതിയുടെ വാവുത്സവം ഹിന്ദുമതത്തിലെ സകല സമുദായങ്ങളും പങ്കുകൊള്ളുന്നതും ആയിരങ്ങൾ വ്രതമനുഷ്ഠിക്കുന്നതുമാണ്. ഈ നാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഉൾക്കൊണ്ടാണ് ഈ വാവുത്സവം കൊണ്ടാടുന്നത്.
നാടുനീളെ ഉത്സവമറിയിച്ചു ഊരുചുറ്റിയതിനു ശേഷം വാവുത്സവദിവസം വാക്കടവിൽ എത്തുന്ന മകൻ ജാതവൻ, ‘അമ്മ ഭഗവതിയെ കണ്ടുമുട്ടി, നീരാട്ടിനുശേഷം ഇരുവരും തിരിച്ചെഴുന്നള്ളുന്നതാണ് വാവുത്സവം. ഇന്ന് പുലർച്ചെ വാദ്യമേളങ്ങളോടെ തുടങ്ങിയ വര്ണപ്പൊലിമ നിറഞ്ഞ വരവ് പര്യവസാനിക്കുന്നതു പേടിയാട്ട് കാവിൽ വൈകുന്നേരത്തോടെ നടക്കുന്ന കുടിക്കൂട്ടൽ ചടങ്ങോടുകൂടിയാകുന്നു. ഈ ചടങ്ങോടു കൂടി വാവുത്സവം സമാപിക്കും, പിന്നെ ഏഴുദിവസം കാവുപരിസരത്ത് ആരുംതന്നെ പോവാറില്ല.ആ ദിവസങ്ങളിൽ നടതുറക്കാതെ സന്ധ്യാദീപം മാത്രമേ ഉണ്ടാകൂ.
ഇന്നലെ വൈകിട്ടു മുതൽ നാടിന്റെ നാനാദിക്കുകളിൽ നിന്നായി ആയിരങ്ങൾ ഒഴുകിയെത്തി. തൊഴുതു പ്രാർഥിക്കാനും വഴിപാടുകൾ സമർപ്പിക്കാനും പേടിയാട്ടു ക്ഷേത്രത്തിലേക്ക് ഒട്ടേറെ ഭക്തർ എത്തി. അഭൂതപൂർവമായ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. വൈകിട്ടോടെ ലവൽക്രോസ് പരിസരം മുതൽ കോട്ടക്കടവ് വരെ ജനങ്ങൾ തിങ്ങിനിറഞ്ഞു.
റോഡിനു വശങ്ങളിൽ കച്ചവടങ്ങളും തകൃതിയായി. വ്യാപാരികളിൽ മിക്കവർക്കും വലിയ തോതിൽ കച്ചവടം നടന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി കടലുണ്ടിയിലും പരിസരങ്ങളിലുമായി വിവിധ വിനോദ ഉപാധികളും ഒരുക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷ ഒരുക്കുന്നതിനുമായി കോട്ടക്കടവ് മുതൽ വാക്കടവ് വരെ പൊലീസിന്റെ കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ലവൽക്രോസ് പരിസരത്തും പേടിയാട്ടുകാവ് പരിസരത്തും പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്.
ജനങ്ങൾ തടിച്ചുകൂടുന്ന പ്രധാന പ്രദേശങ്ങളിൽ സിസിടിവി സ്ഥാപിച്ചും മഫ്തി–ക്രൈം സ്ക്വാഡ് എന്നിവരുൾപ്പെടെ പൊലീസ് സംഘം റോന്തു ചുറ്റുന്നുണ്ട്. പുലർച്ചെ നടക്കുന്ന തുലാമാസ വാവ് ബലിതർപ്പണത്തിന് രാത്രി തന്നെ ആയിരങ്ങൾ വാക്കടവിൽ എത്തിച്ചേർന്നു. ബലിയിടാൻ എത്തുന്നവർക്ക് വാവുബലി തർപ്പണസമിതിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
