രാമനാട്ടുകരയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരിച്ചത് നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി
കോഴിക്കോട് | രാമനാട്ടുകര
തോട്ടുങ്ങൽ പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തമിഴ്നാട് വെല്ലൂർ ഗുഡിയാത്തം മുസ്സൻപേട്ട് സ്വദേശി കാദർ ബാഷ എന്ന ഷാനവാസ് (56) ആണ് മരിച്ചത്.
കഴിഞ്ഞ ഒക്ടോബർ 28-നാണ് ഇയാളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം തിരിച്ചറിയുന്നതിനായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ അന്തർജില്ലാ ഭണ്ഡാരമോഷണ കേസുകളിലും ഉൾപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകളുണ്ട്. ഒട്ടേറെ കോടതികളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഇയാൾക്കെതിരെ വാറണ്ടുകളും നിലവിലുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
