സ്കൂൾ വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം: ഒളിവിൽപ്പോയ അധ്യാപകനെ പുലർച്ചെ അറസ്റ്റ് ചെയ്ത് എലത്തൂർ പൊലീസ്
കോഴിക്കോട് | വിനോദയാത്രക്ക് പോയ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് അറസ്റ്റിലായത്. കോഴിക്കോട് വെങ്ങളത്ത് വെച്ച് എലത്തൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ എട്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്‌കൂളില്‍ നിന്ന് കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്.എലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് ഇയാള്‍ ജോലിചെയ്യുന്നത്.
ഹൈസ്‌കൂള്‍ കുട്ടികളുമായി സെപ്റ്റംബര്‍ 24നാണ് വിനോദയാത്ര പോയത്. ഇതിനിടയിലാണ് സലിത് കുട്ടികളെ പീഡിപ്പിച്ചത്. ഇക്കാര്യം യാത്രക്കിടെ തന്നെ കുട്ടികള്‍ അധ്യാപകരെ അറിയിച്ചിരുന്നു. തുടര്‍ന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തി പൊലീസിലും പരാതി നല്‍കി. കേസെടുത്തതോടെ അധ്യാപകന്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വെങ്ങളത്ത് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ ഇയാളെ പിടികൂടുകയായിരുന്നു.
