അയ്യപ്പന്മാർക്ക് തുണയായി ‘ശബരി പോർട്ടൽ’; പൂജാസമയവും ബസ്-ട്രെയിൻ വിവരങ്ങളും പരാതിപരിഹാരവും ഇനി വിരൽത്തുമ്പിൽ
പത്തനംതിട്ട | ശബരിമല തീർഥാടകർക്ക് ആവശ്യമായ സേവനങ്ങളും വിവരങ്ങളും പരാതിപരിഹാര സംവിധാനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ശബരി പോർട്ടലും വാട്സാപ് അധിഷ്ഠിത ശബരി ചാറ്റ്ബോട്ടുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഇതാദ്യമായാണു ശബരിമലയിലെ എല്ലാ സേവനങ്ങളും ഒന്നിച്ചു ലഭിക്കുന്ന പോർട്ടൽ തയാറാക്കുന്നത്. www.sabariportaldcpta.in എന്ന വെബ്സൈറ്റിലൂടെ ശബരി പോർട്ടൽ പ്രയോജനപ്പെടുത്താം. പത്തനംതിട്ട കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസ്, ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ റവന്യു ഇൻസ്പെക്ടർ ബി.യഗേഷ് എന്നിവരാണു സംവിധാനത്തിന്റെ രൂപകൽപനയും വികസനവും നിർവഹിച്ചത്. പൂജാ സമയങ്ങളും വെർച്വൽ ക്യു ബുക്കിങ്ങിനുള്ള ലിങ്കും പോർട്ടലിൽ ലഭ്യമാണ്.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ശുദ്ധജല കേന്ദ്രങ്ങൾ, പൊതുശൗചാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, പൊലീസ് സേവനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയവയുടെ സ്ഥാനം ‘ശബരി മാപ്പി’ലൂടെ കണ്ടെത്താം. സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളജുകളുടെയും സ്ഥാനവും ഫോൺ നമ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ സമയവിവരങ്ങളും ലഭിക്കും.
പമ്പയിൽനിന്നു പ്രധാന കേന്ദ്രങ്ങളിലേക്കും തിരിച്ചുമുള്ള ദീർഘദൂര ബസ് സർവീസുകളുടെയും നിലയ്ക്കൽ- പമ്പ ചെയിൻ സർവീസുകളുടെയും വിവരങ്ങളും ലഭിക്കും. ശബരിമലയിലെ വിവിധ സാധനങ്ങളുടെ ഔദ്യോഗിക വില ‘ചെക്ക് മൈ ബിൽ’ സംവിധാനത്തിലൂടെ പരിശോധിക്കാം. കൂടുതൽ തുക ഈടാക്കിയാൽ പരാതി നൽകാനും കഴിയും. വാട്സാപ്പിലൂടെ ചാറ്റ്ബോട്ടുമായി ബന്ധപ്പെടുന്ന തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ സംവാദരീതിയിൽ ലഭിക്കും. പ്രധാന വകുപ്പുകളുടെ ഹെൽപ് ലൈൻ നമ്പറുകളും പോർട്ടലിൽ നൽകിയിട്ടുണ്ട്. നഷ്ടപ്പെട്ട സാധനങ്ങൾ, മൊബൈൽ ഫോണുകൾ, കൂട്ടംതെറ്റിയ വ്യക്തികൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൊലീസിനു കൈമാറുന്നതിനുള്ള ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ സംവിധാനവും ഉൾപ്പെടുത്തുന്നുണ്ട്.
