കോഴിക്കോട്

നാടിന്റെ ആഘോഷപ്പെരുമ വിളിച്ച് വാവുത്സവത്തിരക്കിൽ കടലുണ്ടി; ഗ്രാമോത്സവവും തെരുവുകച്ചവടങ്ങളും സജീവം

കടലുണ്ടി | നാടിന്റെ ആഘോഷപ്പെരുമ വിളിച്ചോതി വാവുത്സവത്തിരക്കിൽ കടലുണ്ടി. ആളും ആരവങ്ങളും നിറഞ്ഞതോടെ നാടെങ്ങും ഉത്സവാന്തരീക്ഷം. പഞ്ചായത്ത് നേതൃത്വത്തിൽ നടത്തുന്ന ഗ്രാമോത്സവത്തിനൊപ്പം തെരുവു കച്ചവടങ്ങളും സജീവമായതോടെ അങ്ങാടി ആഘോഷലഹരിയിലാണ്.

നാടിന്റെ നാനാദിക്കുകളിൽ നിന്നായി നൂറുകണക്കിനാളുകളാണു കടലുണ്ടിയിലേക്ക് എത്തുന്നത്.

എങ്ങും ഭക്തരുടെയും സന്ദർശകരുടെയും തിരക്ക്. ഉത്സവത്തോടനുബന്ധിച്ചു ബന്ധുക്കളും മറ്റും കുടുംബ സമേതം എത്തുന്നതിനാൽ കടലുണ്ടിക്കാർക്ക് ആഹ്ലാദത്തിന്റെ ദിനങ്ങളാണ്.

ഇനി 2 ദിവസം ഗ്രാമം ജനനിബിഡമാകും. കുടുംബസമേതം എത്തിയവരും സുഹൃത്തുക്കളും നാട്ടുകാരും ഒത്തുചേർന്നതോടെ ആഘോഷത്തിന്റെ ആവേശം അലതല്ലി. ഗ്രാമോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതിനാൽ ഇന്ന് വൻ ജനക്കൂട്ടം എത്തുമെന്നാണു പ്രതീക്ഷ.

ലവൽക്രോസ് പരിസരം മുതൽ കോട്ടക്കടവ് വരെ റോഡിനു വശങ്ങളിൽ തെരുവുകച്ചവടക്കാർ സ്ഥാനം പിടിച്ചു. ആഘോഷങ്ങൾക്ക് ആവേശം കൂടിയതോടെ വ്യാപാര മേഖലയിൽ വലിയ ഉണർവുണ്ടായി.

ഇന്നലെ വൈകിട്ടു മുതൽ പേടിയാട്ടു ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. നാടിന്റെ വിവിധ ദിക്കുകളിൽ നിന്നായി അനേകം വിശ്വാസികൾ കാവിൽ തൊഴുതു ദേവിയുടെ അനുഗ്രഹം തേടി. നാളെ പുലർച്ചെ നടക്കുന്ന വാവുബലി തർപ്പണത്തിനു ഇന്നു രാത്രി മുതൽ ആയിരങ്ങൾ വാക്കടവിലെത്തും.

വാവുത്സവത്തിലെ പ്രധാന ചടങ്ങായ ദേവിയുടെ എഴുന്നള്ളത്ത് 9ന് ഉച്ചയ്ക്ക് നടക്കും. ആചാരപ്രകാരം പുലർച്ചെ പേടിയാട്ടു ക്ഷേത്രത്തിൽ നിന്ന് ദേവീ വിഗ്രഹം ആറാട്ടിനായി വാക്കടവിലേക്ക് എഴുന്നള്ളിക്കും. ഉത്സവം അറിയിക്കാൻ ഊരുചുറ്റാനിറങ്ങിയ ജാതവൻ 9ന് പുലർച്ചെ വാക്കടവിൽ എത്തി അമ്മയെ കണ്ടുമുട്ടും. നീരാട്ടിന് ശേഷം സർവാഭരണവിഭൂഷിതയായ ദേവിക്കൊപ്പം ജാതവൻ എഴുന്നള്ളും.

ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന എഴുന്നള്ളത്ത് ഒരു മണിയോടെ കുന്നത്ത് തറവാട്ടിലെത്തും. ഇതോടെ തറവാട്ടിനു മുന്നിലെ പടകളിക്കണ്ടത്തിൽ പടകളിത്തല്ല് നടക്കും. കുന്നത്ത് തറയിലെ പീഠത്തിൽ ഇരുന്ന് പടകളി ആസ്വദിച്ച് ഉപചാരപൂജകൾ ഏറ്റുവാങ്ങിയ ശേഷം ഭഗവതിയെ കറുത്തങ്ങാട്ടേയ്ക്ക് എഴുന്നള്ളിക്കും.

അവിടെ മണ്ണൂർ ശിവക്ഷേത്രം മേൽശാന്തി ഒരുക്കുന്ന വെള്ളരി നിവേദ്യം സ്വീകരിച്ച് വൈകിട്ടോടെ പേടിയാട്ടുകാവിൽ എത്തുന്ന ദേവിയെ വ്രതനിഷ്ഠരായ പനയംമഠം തറവാട്ടുകാർ സ്വീകരിക്കും. അനുഷ്ഠാന കർമങ്ങൾക്കു ശേഷം സന്ധ്യയോടെ കാവിലെ കിഴക്കേ കോട്ടയിൽ ദേവിയെ കുടിയിരുത്തും. ഇതു കണ്ടു ദുഃഖിതനായി ജാതവൻ മണ്ണൂരിലെ കോട്ടയിലേക്കു മടങ്ങുന്നതോടെ ഇത്തവണത്തെ വാവുത്സവം സമാപിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു