കോഴിക്കോട്

കൊയിലാണ്ടിയിൽ ക്രൂയിസ് ടെർമിനലിന് സാധ്യത തേടും; നഴ്സിംഗ് സീറ്റുകൾ 30,000 ആക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊയിലാണ്ടി | കൊയിലാണ്ടിയിൽ ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'വിഷൻ കൊയിലാണ്ടി @ 2040' വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകദേശം 29 കിലോമീറ്റർ കടൽത്തീരമുള്ള കൊയിലാണ്ടിയിൽ കടലിന് ആവശ്യത്തിന് ആഴമുണ്ടോ എന്ന് പരിശോധിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കും. അനുകൂല റിപ്പോർട്ട് ലഭിച്ചാൽ ക്രൂയിസ് ടെർമിനൽ നടപടികളുമായി മുന്നോട്ടുപോകും. വലിയ ക്രൂയിസ് കപ്പലുകൾക്ക് ആവശ്യമായ ആഴമില്ലെങ്കിൽ റിവർ ക്രൂയിസ് പദ്ധതിയുടെ സാദ്ധ്യത പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കപ്പൽ നിർമാണം, അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിലും കൊയിലാണ്ടിയിൽ സാദ്ധ്യതയുണ്ട്. 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായി ഇത്തരം സംരംഭങ്ങൾക്ക് സർക്കാർ ആവശ്യമായ പിന്തുണ നൽകും. തിരുവങ്ങൂർ ഐ ടി പാർക്ക്, കെൽട്രോൺ നവീകരണം, വെറ്ററിനറി സർവകലാശാല ,സഹകരണ നഴ്സിംഗ് കോളേജ് വെളിയണ്ണൂർ ചല്ലി, ഹാർബർ നവീകരണം സബ് സ്റ്റേഷൻ തുടങ്ങിയ പദ്ധതികളാണ് ബഡ്ജറ്റിൽ കൊയിലാണ്ടിക്ക് അനുവദിച്ചത്. പദ്ധതികൾ നടപ്പാക്കാൻ സർക്കാർ പിന്തുണ നൽകും.

ആരോഗ്യ-വിദ്യാഭ്യാസ-ടൂറിസം മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരണം. റീഹാബിലിറ്റേഷൻ, വെൽനസ് സെന്ററുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്കും സാദ്ധ്യതയുണ്ട്. വ്യവസായ മേഖലയിലെ തൊഴിൽസാധ്യതകൾക്ക് അനുസൃതമായ പുതിയ അക്കാദമിക് കോഴ്സുകൾ ആരംഭിക്കണമെന്നും, കോഴ്സ് പൂർത്തിയാക്കുന്നവരിൽ കുറഞ്ഞത് 70 ശതമാനം പേർക്കെങ്കിലും തൊഴിൽ ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ആവിഷ്‌കരിക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

നഴ്‌സിംഗ് മേഖലയിൽ നിലവിലെ 11,000 സീറ്റുകളിൽ നിന്ന് 30,000 സീറ്റുകളാക്കിമാറ്റും.. പുതിയ അക്കാദമിക് കോഴ്‌സുകൾ തുടങ്ങും, കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി ആവിഷ്ക്കരിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പ്രവീൺ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി ടി സിദ്ദീഖ്, കൊയിലാണ്ടി നഗരസഭാചെയർപേഴ്സൺ യു. കെ. ചന്ദ്രൻ, വി.വി.സുധാകരൻ പ്രസംഗിച്ചു. പി.ടി ഉഷയുടെ അസാന്നിദ്ധ്യത്തിൽ അവർ അയച്ച സന്ദേശം വേദിയിൽ വായിച്ചു. ജില്ലാ കളക്ടർ മാധവിക്കുട്ടി പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന പ്ലീനറി സെഷനിൽ വിവിധ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരും ഉദ്യോഗസ്ഥരും എം.എൽ.എയുമായി വികസനരേഖ സംബന്ധിച്ച് ചർച്ച നടത്തി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു