കോഴിക്കോട്

പാർക്കിംഗ് പ്രതിസന്ധിയും ഗതാഗതക്കുരുക്കും രൂക്ഷം; പൊലീസ് മുന്നോട്ടുവെച്ച കോഴിക്കോട് ഗതാഗത മാസ്റ്റർപ്ലാൻ നടപ്പായില്ല

കോഴിക്കോട് | നഗരത്തിലെ ഗതാഗതക്കുരുക്കിനും പാർക്കിംഗ് പ്രതിസന്ധിക്കും റോഡപകടങ്ങൾക്കും പരിഹാരം കാണാൻ പൊലീസ് മുന്നോട്ടുവെച്ച സമഗ്ര ഗതാഗത മാസ്റ്റർപ്ലാൻ ഒരുവർഷം പിന്നിട്ടിട്ടും നടപ്പായില്ല. നഗരത്തിലെ ഗതാഗതസംവിധാനം അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ട പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയതോടെ പ്രശ്നങ്ങൾ പഴയപടി തുടരുകയാണ്. പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക്, പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത, വർദ്ധിച്ചുവരുന്ന വാഹനത്തിരക്ക് എന്നിവയ്ക്ക് പരിഹാരം കാണാനുള്ള നിർദേശങ്ങളാണ് ഇപ്പോഴും നടപ്പാക്കാനാകാതെ കിടക്കുന്നത്.

ആധുനിക സിഗ്നൽ നിയന്ത്രണ സംവിധാനം, ശാസ്ത്രീയ പാർക്കിംഗ് സൗകര്യങ്ങൾ, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഗതാഗത നിരീക്ഷണം, അപകടസാദ്ധ്യതയുള്ള ജംഗ്ഷനുകളുടെ പുനഃക്രമീകരണം തുടങ്ങിയ നിർദേശങ്ങളാണ് പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നത്. വാഹനത്തിരക്കിനനുസരിച്ച് സിഗ്നലുകളുടെ സമയക്രമം സ്വയം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ട്രാഫിക് സിഗ്നൽ സംവിധാനം, എ.ഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകൾ, മെച്ചപ്പെട്ട റോഡ് മാർക്കിംഗുകൾ, മുന്നറിയിപ്പ് ലൈറ്റുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാൽ ഇവയൊന്നും നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ ഉണ്ടായില്ല.

അന്നത്തെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രനാണ് സമഗ്ര ഗതാഗത മാസ്റ്റർപ്ലാൻ എന്ന ആശയം മുന്നോട്ടുവെച്ചത്. അന്നത്തെ ഐ.ജി (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ്) എസ്. കാളിരാജ് മഹേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ തല യോഗത്തിലായിരുന്നു നിർദേശം അവതരിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ്, ജില്ലാ ആസൂത്രണ സമിതി, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവയുടെ സഹകരണവും വിഭാവനം ചെയ്തിരുന്നു. പക്ഷേ തുടർപ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല.

മാവൂർ റോഡ്, എരഞ്ഞിപ്പാലം, തൊണ്ടയാട് ജംഗ്ഷനുകളിലായിരുന്നു ആദ്യഘട്ടത്തിൽ അഡാപ്റ്റീവ് ട്രാഫിക് നിയന്ത്രണ സംവിധാനം പരീക്ഷിക്കാൻ നിർദ്ദേശിച്ചിരുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു