പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; അന്ത്യം സിനിമാ സെറ്റിൽ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ
കൊച്ചി | പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ (57) അന്തരിച്ചു. സിനിമ സെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലിമുരുകന്, നരന്, ഒടിയന് തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. അതിമനോഹരം, ഒറ്റക്കൊമ്പന് എന്നിവയാണ് പുതിയ സിനിമകള്‍. അതിമനോഹരം അടുത്ത മാസം അവസാനം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.
രണ്ടു ദിവസം മുന്‍പ് ആലപ്പുഴയില്‍ ദിലീപ് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഷാജികുമാറിനു ദേഹാസ്വാസ്ഥ്യമുണ്ടായത്. ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്കി കൊച്ചിയിലേക്കു മാറ്റുകയായിരുന്നു. ഐസിയുവിലായിരുന്ന ഷാജികുമാറിനെ മുറിയിലേക്കു മാറ്റിയിരുന്നു. ശുചിമുറിയിലേക്കു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി സിനിമയിൽ സജീവമായിരുന്നു. ഷാജി കൈലാസ്, ജോഷി, വിനയൻ, വൈശാഖ് തുടങ്ങിയ മുൻനിര സംവിധായകരുടെ പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്നു. നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, തുടരും തുടങ്ങിയ സിനിമകളുടെയും ഛായാഗ്രാഹകനായിരുന്നു. 2011 ൽ പുറത്തിറങ്ങിയ പൊന്നർ ശങ്കർ എന്ന ചിത്രത്തിന് ഷാജി നിരൂപക പ്രശംസ നേടി.
പ്രശസ്ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച ഷാജി കുമാർ സ്വതന്ത്ര ഛായാഗ്രാഹകനായപ്പോൾ മലയാളത്തിലെ വൈവിധ്യമാർന്ന ചിത്രങ്ങൾക്കു പിന്നിലെ കരുത്തായി മാറി. ഫിലിമിൽ ചിത്രീകരണം ആരംഭിച്ച ഷാജി വെളിച്ചത്തിലും നിറത്തിലും ഫ്രെയിമിങ്ങിലുമുള്ള തന്റെ അസാമാന്യമായ സാങ്കേതിക കലാപാടവം ഡിജിറ്റൽ സിനിമയിലും ആവർത്തിച്ചു.
