കോഴിക്കോട്

കോഴിക്കോട് ബീച്ചിൽ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തം; ലൈഫ് ഗാർഡുകൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ആശങ്ക ശക്തം

കോഴിക്കോട് | കടലിൽ ഇറങ്ങുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ആളില്ല. സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ടവർക്കും രക്ഷയില്ല. ജില്ലയിലെ ബീച്ചുകളിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുമ്പോഴും ലൈഫ് ഗാർഡുകളുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പ്രതിസന്ധിയാകുന്നു. കടലിൽ ഇറങ്ങുന്നത് തടഞ്ഞതിന് ലൈഫ് ഗാർഡുകൾക്ക് നേരെ ഇന്നലെ കൂട്ടമായ ആക്രമണം ഉണ്ടായതോടെ ബീച്ചുകളിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത വീണ്ടും ചർച്ചയാകുകയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് ലൈഫ് ഗാർഡുകൾക്കാണ് പരിക്കേറ്റത്. സുരക്ഷാ ചുമതല നിർവഹിക്കുന്നവർക്കുപോലും സംരക്ഷണമില്ലാത്ത സ്ഥിതിയാണ്.

ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സൗത്ത് ബീച്ചിൽ സുരക്ഷാ ചുമതലയ്ക്കുള്ളത് വെറും മൂന്ന് ലൈഫ് ഗാർഡുകൾ മാത്രം. ഭട്ട് റോഡിലാവട്ടെ രണ്ടുപേരും. ഓപ്പൺ സ്റ്റേജ് മുതൽ വെള്ളയിൽ പുലിമുട്ടിൽ വരെയുള്ള നോർത്ത് ബീച്ചിൽ ആരെയും നിയോഗിച്ചിട്ടില്ല. ഭട്ട് റോഡ്, കൊന്നാട് ബീച്ചുകളിലും സ്ഥിതി സമാനമാണ്. പ്രതിദിനം ആയിരത്തോളം ആളുകളെത്തുന്ന കോഴിക്കോട് ബീച്ചിൽ സുരക്ഷയ്ക്ക് മാത്രം 15 ലെെഫ് ഗാർഡെങ്കിലും വേണമെന്നിരിക്കെ വെറും എട്ടുപേരാണുള്ളത്. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ രണ്ട് ഷിഫ്റ്റുകളിലായാണ് നിലവിലുള്ളവർ ജോലി ചെയ്യുന്നത്. അവധി ദിവസങ്ങളിലും ഉത്സവകാലങ്ങളിലും തിരക്ക് വർദ്ധിക്കുമ്പോൾ ഇത്രയും കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുക പ്രയാസമാണ്. മുന്നറിയിപ്പുകൾ അവഗണിച്ച് കടലിലിറങ്ങുന്നവരെ നിയന്ത്രിക്കാനും അപകടസാദ്ധ്യതയുള്ളവരെ പിന്തിരിപ്പിക്കാനും ലൈഫ് ഗാർഡുകൾക്ക് ഓടിനടക്കേണ്ടിവരുന്നു.

രക്ഷാപ്രവർത്തനത്തിനും സംവിധാനമില്ല

ജീവനക്കാരുടെ കുറവിനൊപ്പം രക്ഷാപ്രവർത്തന ഉപകരണങ്ങളുടെ അപര്യാപ്തതയും പ്രതിസന്ധിയാണ്. വിശ്രമിക്കാൻ സ്ഥിരമായ സംവിധാനമില്ലാത്തതിനാൽ മഴയിലും വെയിലിലും താത്കാലിക കുടക്കീഴിലാണ് ലൈഫ് ഗാർഡുകൾ കഴിയുന്നത്. റോപ്പും റെസ്ക്യൂ ട്യൂബും പൊട്ടിയും കീറിയും ഉപയോഗശൂന്യമായ നിലയിലാണ്. സർഫ് ബോർഡ്, ലൈഫ് ജാക്കറ്റ്, സ്ട്രെച്ചർ തുടങ്ങിയ ഉപകരണങ്ങൾ കോർപ്പറേഷനിലെ ഡി.ടി.പി.സി അക്വേറിയത്തിന് സമീപമാണ് സൂക്ഷിക്കുന്നത്. അപകടമുണ്ടായാൽ ഇവ ഉടനടി ഉപയോഗിക്കാനാകാത്ത സാഹചര്യവുമുണ്ട്. ഒഴുക്കിൽപ്പെടുന്നവരെ രക്ഷിക്കാൻ സഹായിക്കുന്ന റിമോട്ട് കൺട്രോൾ ബോയയും ലഭ്യമായിട്ടില്ല. അപായസൂചന നൽകാനുള്ള മികച്ച ഫ്ലാഗ് സംവിധാനവുമില്ല. കടലിൽ അപകടമുണ്ടായാൽ അതിവേഗം രക്ഷാപ്രവർത്തനം നടത്താൻ ആവശ്യമായ സംവിധാനങ്ങൾ പോലും പരിമിതമാണ്.

ദിവസക്കൂലിയിൽ ജോലി

ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ലൈഫ് ഗാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ച് തൊഴിൽസ്ഥിരത ഉറപ്പാക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. കഠിനമായ വെയിലിലും മഴയിലും ജോലി ചെയ്യുന്ന ഇവർക്ക് ഇ.എസ്.ഐ, പി.എഫ് ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളില്ല. 15 വർഷം ജോലി പൂർത്തിയാക്കുന്നവർക്ക് അഞ്ചുലക്ഷം രൂപ നൽകുമെന്ന് സർക്കാർ യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു