ആറുവരിപ്പാതയിലൂടെ തെറ്റായ ദിശയിൽ ഓട്ടോ ഓടിച്ചു; ഡ്രൈവറുടെ പേരിൽ കേസ്
കൊയിലാണ്ടി | തിക്കോടിക്കും നന്തിക്കും ഇടയിൽ ആറുവരി ദേശീയപാതയിലെ സ്പീഡ് ട്രാക്കിലൂടെ എതിർദിശയിൽ കിലോമീറ്ററുകളോളം ഓട്ടോറിക്ഷ ഓടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. നന്തി കടലൂർ സ്വദേശിയായ അച്യുതനാണ് അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് പിടിയിലായത്.
എതിരെ വന്ന ഒരു ആംബുലൻസിലെ സി.സി.ടി.വി. ക്യാമറയിലാണ് നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വാർത്താമാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി ഡ്രൈവറെയും ഓട്ടോയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സർവീസ് റോഡിലേക്ക് കയറാനായാണ് സ്പീഡ് ട്രാക്കിലൂടെ എതിർദിശയിൽ വാഹനമോടിച്ചതെന്നാണ് ഡ്രൈവർ നൽകിയ വിശദീകരണം. റോഡുപണി പൂർത്തിയാകാത്തതിനാൽ ഈ ഭാഗത്ത് ഗതാഗതം പൂർണതോതിൽ തുറന്നുകൊടുക്കാതിരുന്നതുകൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്.
പോലീസ് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഡ്രൈവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് കൊയിലാണ്ടി ജോ. ആർ.ടി.ഒ. വ്യക്തമാക്കി. സംഭവത്തിൽ കോഴിക്കോട് മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
