പേരാമ്പ്രയിൽ ബാങ്ക് ജപ്തി നടപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു
കോഴിക്കോട് | പേരാമ്പ്ര കൂത്താളിയിൽ ബാങ്കിന്റെ ജപ്തി നടപടികൾക്കിടെ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞോത്ത് കുയ്യോടൻകണ്ടി കവിത (42) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിലെ അധികൃതർ അഭിഭാഷക കമ്മീഷനും പോലീസും സഹിതം കവിതയുടെ വീട്ടിലെത്തി ജപ്തി നടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടെ കവിതയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസിക്കുന്ന വീടിന് പിന്നിലുള്ള പഴയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട് നിർമാണത്തിനായി ബാങ്കിൽ നിന്ന് 26 ലക്ഷം രൂപ വായ്പയെടുത്തിരുന്നതായാണ് വിവരം. തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം വായ്പാബാധ്യത ഏകദേശം 50 ലക്ഷത്തോളമായി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. ജപ്തി നടപടികൾക്കായി ഇന്ന് എത്തുമെന്ന് ബാങ്ക് അധികൃതർ നേരത്തെ അറിയിച്ചിരുന്നതായും പറയുന്നു.
വടകര കൈനാട്ടിയിലെ പെയിന്റ് കടയിൽ ജീവനക്കാരനായ ബാബുവാണ് ഭർത്താവ്. പയ്യോളി സ്വദേശിനിയാണ് കവിത. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പിതാവ്: കൊള്ളാണ്ടി കേളൻ. മാതാവ്: കല്യാണി. മക്കൾ: ആര്യാശ്രീ, തേജാശ്രീ. സഹോദരൻ: കലേഷ്.
