സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു: ഇന്ന് രണ്ട് തവണയായി പവന് 1,800 രൂപ കുറഞ്ഞു; ഉച്ചയ്ക്കുള്ള വില 1,00,720 രൂപ
കൊച്ചി | അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വിപണിയിൽ ചാഞ്ചാട്ടം. ഇന്ന് രണ്ടാം തവണയും സ്വർണവ വില കുത്തനെയിടിഞ്ഞു. ഉച്ചയോടെ സ്വർണം ഗ്രാമിന് 105 രൂപ കുറഞ്ഞു. പവന് 840 രൂപ കുറഞ്ഞ് 1,00,720 ആയി. ഗ്രാമിന് 12,590 രൂപയാണ് ഉച്ചയ്ക്കുള്ള വില. രണ്ടു തവണകളിലായി ഇന്ന് 1800 രൂപയാണ് കുറഞ്ഞത്.
രാവിലെ പവന് 960 രൂപയും ഗ്രാമിന് 120 രൂപയും ഇന്ന് കുറഞ്ഞിരുന്നു. പവന് 1,01,560 രൂപയും ഗ്രാമിന് 12,695 രൂപയുമായിരുന്നു രാവിലെ വില. വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 195 രൂപയാണ് വില.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 82.69 ഡോളർ ഇടിഞ്ഞ് 3,910.07 ഡോളറാണ് വില.
2026 ജനുവരി 29ന് ട്രോയ് ഔൺസിന് 5,595 ഡോളർ വരെ ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ച അന്താരാഷ്ട്ര സ്വർണവിലയിൽ 10 മാസം കൊണ്ട് 1,684 ഡോളറാണ് കുറഞ്ഞത്. വിലയിടിവ് എവിടെ അവസാനിക്കുമെന്നുപോലും പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ്. 3700 ഡോളറും തുടർന്ന് 3500 ഡോളറും അടുത്ത ലക്ഷ്യങ്ങളാകാമെന്ന വിലയിരുത്തലുകളും വിപണിയിൽ ഉയരുന്നുണ്ട്.
ജനുവരി 29-ന് കേരളത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില. നിലവിലെ വിലയിടിവ് ഇതേ രീതിയിൽ തുടർന്നാൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാഹചര്യമുണ്ട്. അങ്ങനെ സംഭവിച്ചാൽ റെക്കോർഡ് വിലയിൽനിന്ന് പവന് 31,160 രൂപയിലധികം കുറവുണ്ടാകും.
പുതിയതായി സ്വർണം വാങ്ങുന്നവർക്ക് വിലക്കുറവ് ആശ്വാസമാണെങ്കിലും നേരത്തെ വാങ്ങി സൂക്ഷിച്ചവർക്കും വ്യാപാരികൾക്കും ഇത് വലിയ തിരിച്ചടിയാണ്. ഉയർന്ന വിലയിൽ സ്വർണം വാങ്ങി കടയിൽ സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വില കുത്തനെ ഇടിയുന്നത് വലിയ സാമ്പത്തിക സമ്മർദമാണ് സൃഷ്ടിക്കുക. അതോടൊപ്പം സാധാരണ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണാഭരണങ്ങളുടെയും നിക്ഷേപ സ്വർണത്തിന്റെയും വിപണിമൂല്യവും ഗണ്യമായി ഇടിയുകയാണ്. സ്വർണത്തെ സുരക്ഷിത സമ്പാദ്യമായി കണ്ടിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആസ്തിയെയും ഈ വിലയിടിവ് ബാധിക്കും. വില ഇനിയും താഴുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ മാറ്റിവെക്കുന്നതും വിപണിയിലെ വ്യാപാരത്തെ ബാധിക്കും.
ഇന്നലെ ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയും പവന് 1600 രൂപ കുറഞ്ഞ് 1,02,520 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 1400 രൂപയാണ് കുറഞ്ഞത്. യു.എസ്-ഇറാൻ അനിശ്ചിതത്വങ്ങൾ, ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ, യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവ കാരണം സ്വർണ, വെള്ളി വിലകളിൽ വലിയ രീതിയിലുള്ള ഉലച്ചിലുകൾ തുടരുകയാണ്.
