കോഴിക്കോട്

കോഴിക്കോട് സരോവരം ബയോപാർക്ക് നവീകരണ പദ്ധതി മൂന്നുകൊല്ലമായിട്ടും ഇഴയുന്നു; ബോട്ടിംഗ് നിലച്ചു, സുരക്ഷയും ആശങ്കയിൽ

കോഴിക്കോട് | നഗരത്തിലെ തിരക്കിൽ നിന്ന് അൽപം ആശ്വാസവും കുളിരുമേകുന്ന സരോവരം ബയോപാർക്ക് നവീകരണ പദ്ധതി ഇഴയുന്നു. തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാരും കോഴിക്കോട് കോർപ്പറേഷനും ചേർന്ന് കൊണ്ടുവന്ന പദ്ധതിയാണ് മൂന്നുകൊല്ലമായിട്ടും മുന്നോട്ട് നീങ്ങാതെ നിൽക്കുന്നത്. 2008 ൽ ആരംഭിച്ച ഈ പരിസ്ഥിതി സൗഹൃദപാർക്ക് നാശത്തിന്‍റെ വക്കിലായിരുന്നു. 2023 ൽ 1.74 കോടി രൂപ വികസനത്തിനായി ചെലവഴിച്ചു. എന്നാൽ പ്രവൃത്തികൾ എവിടെയും എത്താത്ത സാഹചര്യത്തിൽ 2.19 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി വിനോദ സഞ്ചാര വകുപ്പ് ഭരണാനുമതി നൽകി. നവീകരണ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും പലതിന്റേയും പണി തുടങ്ങിയിട്ടില്ല. ഓപ്പണ്‍ എയര്‍ തിയേറ്റര്‍, കല്ല് പാകിയ നടപ്പാത, റെയിന്‍ ഷെല്‍ട്ടറുകള്‍, കുട്ടികളുടെ പാര്‍ക്ക്, ചുറ്റുമതില്‍, മരം കൊണ്ടുള്ള ചെറുപാലങ്ങള്‍, സെക്യൂരിറ്റി കാബിന്‍, അമിനിറ്റി സെന്‍റര്‍, ടോയ്‌ലറ്റ് ബ്ലോക്ക്, ബട്ടർഫ്ലൈ പാർക്ക്, പക്ഷി സങ്കേതം, ബോർഡ്-വാക്ക്, മ്യൂസിക്കൽ ഫൗണ്ടൈൻ, കവാടം, സിസി ടിവി കാമറകൾ, ലൈറ്റുകൾ തുടങ്ങിയവയാണ് വിഭാവനം ചെയ്തത്. രണ്ടുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ഡി.ടി.പി.സി പറയുന്നത്.

കനോലി കനാലിനോട് ചേർന്ന് 200 ഏക്കർ സ്ഥലത്താണ് പാർക്ക്. വിവിധയിനം സസ്യങ്ങൾ, പക്ഷികൾ, എന്നിവയുടെ സുരക്ഷിത താവളമാണിത്. ഏഴിനം കണ്ടൽ ഇനങ്ങളും 29 അനുബന്ധ ഇനങ്ങളും ഇവിടെ വളരുന്നു. പാർക്കിൽ 34 വ്യത്യസ്‌ത ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.

നീരൊഴുക്ക് തടസപ്പെട്ടതോടെ പാർക്കിലെ ജലാശയത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. 2021 മുതൽ തന്നെ ജലാശയത്തിലെ മാലിന്യവും ദുർഗന്ധവും സംബന്ധിച്ച് വാർത്തകളും പരാതികളുമുണ്ടായിരുന്നു. 2024 നവംബർ 14ന് പെഡൽ ബോട്ടിംഗ് പുനരാരംഭിച്ചെങ്കിലും വെള്ളം കുറഞ്ഞതും ദുർഗന്ധവും കാരണം നിലവിൽ ബോട്ടിംഗ് നിലച്ച മട്ടാണ്.

രാത്രിയായാൽ പാർക്കിന്റെ പല ഭാഗങ്ങളും ഇരുട്ടിലാകും. കിഴക്കുഭാഗത്തെ പ്രവേശനകവാടത്തിന് പൂട്ടുമില്ല. ആർക്കും അനായാസം അകത്തുകടക്കാം. സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്ന ഇവിടെ സുരക്ഷാജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. സി.സി.ടി.വി കാമറകളും ലൈറ്റുകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ യാഥാർഥ്യമായിട്ടില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു