കായികം

കോഴിക്കോട് ജില്ലയിൽ നാല് ദിവസത്തിനിടെ സൈബർ തട്ടിപ്പിൽ നഷ്ടമായത് മൂന്ന് കോടിയോളം രൂപ

കോഴിക്കോട് | നാല് ദിവസത്തിനിടെ സെെബർ തട്ടിപ്പിൽ ജില്ലയിൽ നഷ്ടമായത് മൂന്ന് കോടിയോളം രൂപ. തിരുവമ്പാടിയിൽ പ്രവാസി കർഷകനും കോടഞ്ചേരിയിൽ വീട്ടമ്മയ്ക്കുമായി ഒരു കോടി രൂപ നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസം നടുവണ്ണൂർ സ്വദേശിയും തട്ടിപ്പിൽ കുരുങ്ങി. ഒരു കോടി രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കൂടുതൽ ലാഭം കിട്ടുന്ന പദ്ധതിയെ പറ്റി വിശദീകരിക്കുന്ന വ്യാജ വീഡിയിൽ വിശ്വസിച്ച് നിക്ഷേപിച്ചതിലൂടെയാണ് ഇദ്ദേഹത്തിന് പണം നഷ്ടപ്പെട്ടത്. അതിനിടെ ചെറിയ കമ്മിഷനു വേണ്ടി തങ്ങളുടെ അക്കൗണ്ട്, തട്ടിപ്പ് പണം കെെമാറാൻ നൽകുന്നവരുടെ എണ്ണവും കൂടുകയാണ്. പോക്കറ്റ് മണിക്കാണ് വിദ്യാർത്ഥികൾ തങ്ങളുടെ അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നത്. ജോലിയില്ലാത്ത വീട്ടമ്മമാർ കൂടുതൽ പണം കിട്ടുമെന്ന പ്രതീക്ഷയിൽ അക്കൗണ്ട് വാടകയ്ക്ക് നൽകുന്നുണ്ട്. ഒരു ലക്ഷത്തിന്റെ ഇടപാട് നടന്നാൽ അക്കൗണ്ട് ഉടമയ്ക്ക് ആയിരം രൂപ മുതൽ കമ്മിഷൻ ലഭിക്കും. ഇത്തരക്കാരെ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിക്കപ്പെട്ടു. മ്യൂൾ അക്കൗണ്ടുടമകളുടെ (തട്ടിപ്പ് പണം കെെമാറാൻ വാടകയകയ്ക്ക് നൽകുന്ന അക്കൗണ്ട്) എണ്ണം വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 'സൈബർ സേഫ് കേരളം' പദ്ധതിയുടെ ഭാഗമായി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻ.സി.ആർ.പി) ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ മിന്നൽപരിശോധന നടത്തിയത്. അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും 20നും 25നുമിടയിൽ പ്രായമുള്ളവരാണ്. പ്രായപൂർത്തിയാവാത്തവർക്കും സെെബർ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തട്ടിപ്പുകാർക്ക് വാടക അക്കൗണ്ടുകൾ നൽകുകയും തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന ഏജന്റുമാരും അവരുടെ സംഘങ്ങളുമുണ്ടെന്നാണ് സെെബർ പൊലീസിന് കിട്ടിയ സൂചന. ഒരു സംഘത്തെ മഞ്ചേശ്വരത്തെ മിയാപ്പദവ് കേന്ദ്രീകരിച്ച് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഓൺലെെൻ വായ്പയുടെ പേരിലും തട്ടിപ്പ് നടക്കുന്നതായി സെെബർ പൊലീസ് കണ്ടെത്തി. അപേക്ഷകന്റെ അക്കൗണ്ടിലേക്ക് വലിയ തുക അയക്കുകയും തുടർന്ന് വായ്പയ്ക്ക് യോഗ്യതയില്ലെന്ന് വിശ്വസിപ്പിച്ച് അത് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് രീതി. നീലേശ്വരത്ത് ഇത്തരത്തിൽ തട്ടിപ്പ് നടന്നായി കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടും നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു