കായികം

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്‌സിനെ അഞ്ച് ഗോളിന് തകർത്ത് കാലിക്കറ്റ് എഫ്‌സി ഒന്നാം സ്ഥാനത്ത്

കോഴിക്കോട് | സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സിനെ അഞ്ച്‌ ഗോളിന്‌ പഞ്ചറാക്കി കാലിക്കറ്റ്‌ എഫ്‌സി ഒന്നാംസ്ഥാനക്കാർക്കുള്ള ഷീൽഡ്‌ സ്വന്തമാക്കി. രണ്ട്‌ കളി ശേഷിക്കെ 20 പോയിന്റുമായാണ്‌ നേട്ടം. അർജന്റീന താരം മാക്‌സിമിലിയാനോ ഉറുറ്റി ഹാട്രിക്‌ നേടി. ക്യാപ്റ്റൻ പ്രശാന്തും ലിയോ ഡേവിഡും പട്ടിക പൂർത്തിയാക്കി. കാലിക്കറ്റ്‌ നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ഏഴ്‌ പോയിന്റുമായി അവസാനസ്ഥാനത്തുള്ള കണ്ണൂർ പുറത്തേക്കുളള വഴിയിലാണ്‌.

കോഴിക്കോട്‌ കോർപറേഷൻ ഇഎംഎസ്‌ സ്‌റ്റേഡിയത്തിൽ ആതിഥേയരുടെ സമ്പൂർണാധിപത്യമായിരുന്നു. കോച്ചിനെ പുറത്താക്കിയിട്ടും കണ്ണൂരിന്റെ കളി തെളിഞ്ഞില്ല. പതിനാലാം മിനിറ്റിൽ കാലിക്കറ്റ് മുന്നിലെത്തി. ലിയോയെ ഗോൾകീപ്പർ ഹജ്മൽ ബോക്‌സിനുള്ളിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനൽറ്റി ഉറുറ്റി അനായാസം വലയിലാക്കി. പിന്നാലെ കാൽവിൻ തോമസിന്റെ മുഖത്ത്‌ ഇടിച്ച കണ്ണൂർ പ്രതിരോധതാരം എസ് മനോജിന് റഫറി ചുവപ്പ് കാർഡ് കാണിച്ചു.

നാൽപ്പതാം മിനിറ്റിൽ കാലിക്കറ്റ്‌ ലീഡ് രണ്ടാക്കി. ഇടത് വിങ്ങിൽ നിന്ന് ലിയോ ബോക്‌സിലേക്ക് നൽകിയ പന്ത് പ്രശാന്തിന്റെ ഇടംകാൽ കൊണ്ട് വലയിലാക്കി. പരിക്കുസമയത്തായിരുന്നു മൂന്നാം ഗോൾ. ബോക്‌സിന് പുറത്തു നിന്ന് ഉറുറ്റിയുടെ ബുള്ളറ്റ് ഷോട്ട് ഗോളിയെ കാഴ്‌ചക്കാരനാക്കി.

രണ്ടാം പകുതി തുടങ്ങി ആറാം മിനിറ്റിൽ കാലിക്കറ്റ്‌ ലീഡ് നാലാക്കി. ഇടതു വിങ്ങിലൂടെ മുന്നേറി പകരക്കാരൻ മുഹമ്മദ്‌ ആഷിഖ് നൽകിയ പാസ് ലിയോ ഗോളാക്കുകയായിരുന്നു.

67–ാം മിനിറ്റിൽ മധ്യനിരയിൽ കണ്ണൂർ വരുത്തിയ പിഴവിൽ നിന്നാണ്‌ അഞ്ചാം ഗോൾ. പന്ത് പിടിച്ചെടുത്ത് മുന്നേറിയ വില്ലാലോ ബോസ് നൽകിയ പാസ് മാക്‌സിമിലിയാനോ ലക്ഷ്യത്തിലെത്തിച്ചു. ഈ സീസണിലെ ആദ്യ ഹാട്രിക്.

ഒമ്പതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്‌ച ഫോഴ്‌സ കൊച്ചി എഫ്സി, കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയമാണ് വേദി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു