കേരളം

സംസ്ഥാനത്ത് ചെറു ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കവുമായി സർക്കാർ; ആസൂത്രണ ബോർഡിന്റെ അപ്രോച്ച് പേപ്പറിൽ പദ്ധതി ഇടംപിടിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനത്തിനായി ചെറു ആണവ നിലയം (സ്മോള്‍ മോഡ്യുലാര്‍ റിയാക്ടര്‍) സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കാതെ സംസ്ഥാന സര്‍ക്കാര്‍. 2027-32 കാലയളവിലെ പഞ്ചവത്സര പദ്ധതിക്കായി ആസൂത്രണ ബോര്‍ഡ് തയാറാക്കിയ അപ്രോച്ച് പേപ്പറിലാണ് ചെറു ആണവ നിലയത്തിനുള്ള പദ്ധതിയും ഇടംപിടിച്ചത്. 

ദീര്‍ഘകാലത്തേക്ക് മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കാന്‍ സംസ്ഥാനം സ്‌മോള്‍ മോഡുലാര്‍ റിയാക്ടറുകള്‍ പരിഗണിക്കുമെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ അഞ്ചിന് ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗം ഈ അപ്രോച്ച് പേപ്പറിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും പഞ്ചവത്സര പദ്ധതി തയാറാക്കുക. പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ ആണെങ്കിലും സ്ഥലം കണ്ടെത്തലും ഗ്രിഡ് സജ്ജമാക്കലും സുരക്ഷയുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാണ്. 

ഗ്രീന്‍ ഹൈഡ്രജന്‍, തീരത്തെ കാറ്റില്‍നിന്നുള്ള വൈദ്യുതി എന്നിവയും പരിഗണിക്കുമെന്നും അപ്രോച്ച് പേപ്പറില്‍ പറഞ്ഞിട്ടുണ്ട്. ആണവവൈദ്യുതി നിലയം സ്ഥാപിക്കാന്‍ രണ്ടു വര്‍ഷം മുന്‍പും ചര്‍ച്ചകള്‍ സജീവമായെങ്കിലും വിവിധ കോണുകളില്‍നിന്നുള്ള എതിര്‍പ്പു മൂലം ഫലപ്രദമായില്ല. കേരളത്തിലെ തോറിയം ധാതു ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള നിലയം മറ്റെവിടെയെങ്കിലും സ്ഥാപിച്ച് സംസ്ഥാനത്തിന് അര്‍ഹമായ വൈദ്യുതി വിഹിതം നല്‍കാൻ കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രത്തില്‍നിന്ന് അനുകൂല മറുപടി ലഭിച്ചിരുന്നില്ല. 

കേരളത്തിന്റെ ആവശ്യത്തിനായി ആണവനിലയം സ്ഥാപിക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ അനുമതി നല്‍കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് കേരളത്തില്‍ തന്നെ ചെറു നിലയങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു