കേരളം

അനധികൃത സ്വത്ത് സമ്പാദനം: മന്ത്രി കെ.എം.ഷാജിക്ക് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി | മന്ത്രി കെ.എം.ഷാജിക്ക് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി റദ്ദാക്കി. അഴിമതി തടയൽ നിയമം 19–ാം വകുപ്പ് പ്രകാരമുള്ള സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നു വിലയിരുത്തിയാണു ജസ്റ്റിസ് സി.ജയചന്ദ്രന്റെ ഉത്തരവ്. വിജിലൻസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഫയൽ ചെയ്ത ഹർജി അനുവദിച്ചാണ് ഉത്തരവ്.

അതേസമയം, സ്വകാര്യ ഹർജിയിൽ പ്രാഥമികാന്വേഷണത്തിനു കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടത് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് പ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകാൻ വിലക്കില്ലെന്നു കോടതി വ്യക്തമാക്കി.

വിജിലൻസ് കോടതി നൽകിയ നിർദേശപ്രകാരം റിപ്പോർട്ടായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ നൽകേണ്ടിയിരുന്നത് എന്നു ഹൈക്കോടതി പറഞ്ഞു. അഴിമതി തടയൽ നിയമം പ്രകാരം ഗുരുതര കുറ്റകൃത്യം വെളിവാകുന്നുണ്ടോ ഇല്ലയോ എന്നു ഉറപ്പാക്കാനാണു പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്നാണു റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. അതിനാൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതിൽ തെറ്റില്ല. മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമുള്ള പ്രാഥമിക അന്വേഷണത്തിനിടെ, എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നു കോടതി ചൂണ്ടിക്കാട്ടി. അഡ്വ. ബാബു എസ്.നായർ മന്ത്രിക്കായി ഹാജരായി.

എംഎൽഎ ആയിരുന്ന 2011-2020 കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണു 2021 ഏപ്രിലിൽ ഷാജിക്കെതിരെ കേസെടുത്തത്. സിപിഎം നേതാവ് അഡ്വ. എം.ആർ.ഹരീഷ് നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നേരത്തേ സ്റ്റേ അനുവദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ഷാജിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്ത 47 ലക്ഷം രൂപ വിട്ടുനൽകാനും നിർദേശിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മാധ്യമ മുറികളിൽ ഞാൻ മാനഭംഗത്തിന് ഇരയായി. കേസിൽ എന്നെയും കുടുംബത്തെയും പീഡിപ്പിച്ചു. പൊതുപ്രവർത്തകന് ഉണ്ടാകാത്ത തരത്തിലുള്ള വിമർശനങ്ങൾ വന്നു. ഒടുവിൽ സത്യം എല്ലാവർക്കും ബോധ്യപ്പെട്ടുവെന്ന് മന്ത്രി കെ.എം.ഷാജി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു